ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാവില്ല: മന്ത്രി തിലോത്തമന്‍

01.04 AM 08-08-2016
PTHILOman
കൊച്ചി: ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാവില്ലെന്നും 14 ജില്ലാ ആസ്ഥാനങ്ങളിലും ഓണം മെഗാഫെയര്‍ സംഘടിപ്പിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പഴം,പച്ചക്കറി വില വര്‍ധന തടയാന്‍ ഹോര്‍ട്ടി കോര്‍പ്പ് ഇടപെടല്‍ ശക്തമാക്കുമെന്നും ഒരു കുടക്കീഴില്‍ എല്ലാ ഉത്പ്പന്നങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 140 നിയോജകമണ്ഡലങ്ങളിലും ഓരോ പഞ്ചായത്തിലും ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും. കൂടുതല്‍ സബ്‌സിഡി നല്‍കി വില നിയന്ത്രിക്കും. ജയ അരിക്ക് ഒറ്റയടിക്ക് അഞ്ചു രൂപ കൂട്ടിയ നടപടി പ്രതിഷേധാര്‍ഹമാണ്. ഇത് സംബന്ധിച്ച് ആന്ധ്രയിലെ മില്ലുടമകളുമായി നേരിട്ട് സംസാരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും സപ്ലൈക്കോയുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.