റാഞ്ചി: ചേതേശ്വർ പൂജാരയുടെ സെഞ്ചുറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളിനിർത്തുന്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 360/6 എന്ന നിലയിലാണ്. 130 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വർ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒപ്പം 18 റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുമുണ്ട്.
റണ്‍സ് കണ്ടെത്താൻ വിഷമിക്കുന്ന റാഞ്ചിയിലെ പിച്ചിൽ ക്ഷമയോടെ ബാറ്റ് വീശിയാണ് പൂജാര ടെസ്റ്റിൽ 11-ാം ശതകം പൂർത്തിയാക്കിയത്. 82 റണ്‍സ് നേടിയ മുരളി വിജയ് നൽകിയ ഉറച്ച പിന്തുണയും പൂജാരയ്ക്ക് തുണയായി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റണ്‍സ് കൂറിച്ചു. പിന്നാലെ വന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി (6), അജിങ്ക്യ രഹാനെ (14), കരുണ്‍ നായർ (23), ആർ.അശ്വിൻ (3) എന്നിവർ വീണെങ്കിലും പൂജാര ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്നു. 328 പന്തുകൾ നേരിട്ട പൂജാര 17 ബൗണ്ടറികളുടെ സഹായത്തോടെയാണ് 130 റണ്‍സ് നേടിയത്. നാല് വിക്കറ്റ് ശേഷിക്കേ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 91 റണ്‍സ് പിന്നിലാണ് ഇന്ത്യ.
നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് ഓസീസ് ബൗളിംഗ് നിരയിൽ തിളങ്ങിയത്. ജോഷ് ഹേസിൽവുഡ്, സ്റ്റീവ് ഒകീഫ് എന്നിവർ ഓരോ വിക്കറ്റ് നേടി. 120/1 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. 67 റണ്‍സ് നേടിയ കെ.എൽ.രാഹുലിന്‍റെ വിക്കറ്റ് രണ്ടാം ദിനം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 451 റണ്‍സ് നേടി.

