കടമക്കുടിയില്‍ ചീഫ് സെക്രട്ടറി ഇടപെട്ടു

06:50am 20/04/2016
download (4)
തിരുവനന്തപുരം: മെത്രാന്‍ കായല്‍ ഉത്തരവിന് പിന്നിലെന്നപോലെ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി കടമക്കുടിയില്‍ മള്‍ട്ടി നാഷനല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ എറണാകുളത്ത് 47 ഏക്കര്‍ നെല്‍വയല്‍ നികത്താനുള്ള റവന്യൂവകുപ്പിന്റെ ഉത്തരവിലും ചീഫ് സെക്രട്ടറി ഇടപെട്ടു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ഫയല്‍ അടിയന്തരമായി എത്തിക്കണമെന്ന് കൃഷിവകുപ്പിന് ഫെബ്രുവരി 16ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കത്തെഴുതി. തുടര്‍ന്നാണ് ഫെബ്രുവരി 25ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നെല്‍വയല്‍ നികത്തലിന് തത്ത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചത്. 2015ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മെഡിക്കല്‍ ടൂറിസം പദ്ധതിക്ക് നെല്‍വയല്‍ നികത്താനാവില്‌ളെന്നിരിക്കെയായിരുന്നു ഈ തീരുമാനം. തുടര്‍ന്ന് ഇത് റവന്യൂവകുപ്പിനെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി റവന്യൂ, കൃഷി, ധനകാര്യ, ആരോഗ്യകുടുംബക്ഷേമ വകുപ്പുകള്‍ക്ക്‌നടപടിക്കുറിപ്പ് (ഇനം 8503) അയച്ചത് ചീഫ് സെക്രട്ടറിയാണ്. കടമക്കുടി ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് ഗുണകരമായതും 1000 കോടി നിക്ഷേപം വരുന്നതും 7000 പേര്‍ക്ക് നേരിട്ടും 25000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കുന്ന പദ്ധതിക്ക് നെല്‍പാടം നികത്തുന്നത് സമീപത്തെ മറ്റ് കൃഷിയെ പ്രതികൂലമായി ബാധിക്കില്‌ളെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ ഇന്റഗ്രേറ്റഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹൈടെക് പാര്‍ക്കുകള്‍ എന്നിവയുടെ കാര്യത്തില്‍ ചെയ്തതുപോലെ പൊതു ആവശ്യമായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.