കട്ടക്കില്‍ കട്ടക്കട്ട; പൊരിഞ്ഞ പോരില്‍ ഇന്ത്യക്കു പരമ്പര

8:38 am 20/1/2017

Newsimg1_42240024
കട്ടക്ക്: ഏകദിന ക്രിക്കറ്റിന്റെ ആവേശമാപിനി വാനോളം ഉയര്‍ന്ന കട്ടക്കില്‍ അവസാന ചിരി ഇന്ത്യയുടേത്. കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറാതെ പൊരുതിയ ഇംഗ്ലണ്ടിനെ അവസാന ഓവറുകളില്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ കോഹ്ലിപ്പട വിജയം കണ്ടത് 15 റണ്‍സിന്. വെറ്ററന്‍ താരങ്ങളായ യുവരാജ് സിംഗിന്റെയും ധോണിയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 382 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സെഞ്ചുറിയുമായി നായകന്‍ മോര്‍ഗന്‍ പൊരുതിനോക്കിയെങ്കിലും വിജയത്തിലെത്താനായില്ല. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരന്പരയില്‍ ഇന്ത്യ 20ന് മുന്നിലെത്തി പരന്പര സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം പരന്പരയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കുന്നത്. നായകനായുള്ള അരങ്ങേറ്റ പരമ്പര കോഹ്ലിക്കു മധുരതരമായ ഓര്‍മയുമായി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍തന്നെ അലക്‌സ് ഹെയല്‍സി(14) നെ നഷ്ടമായി. തുടര്‍ന്നെത്തിയ ജോ റൂട്ടും (54) ജേസണ്‍ റോയി (82) യും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 100 കടത്തി. ഇരുവരും പുറത്തായശേഷം ഒത്തുകൂടിയ ഇയോയിന്‍ മോര്‍ഗനും മോയിന്‍ അലി (55) യും ഇന്ത്യന്‍ ബൗളിംഗിനെ തച്ചുതകര്‍ത്തു. എന്നാല്‍ മോയിന്‍ അലിയെ പുറത്താക്കി ഭുവശ്വേര്‍ കുമാര്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരികെ എത്തിച്ചു. 48ാം ഒവറില്‍ ജയിക്കാന്‍ 28 റണ്‍സ് ബാക്കിനില്‍ക്കെ സെഞ്ചുറി കുറിച്ച മോര്‍ഗനെ ജസ്പ്രീത് ബുംറ റണ്‍ഔട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ തോല്‍വി പൂര്‍ത്തിയായി. 80 പന്തില്‍നിന്ന് ആറു ബൗണ്ടറികളും അഞ്ചു സിക്‌സറും അടക്കമായിരുന്നു മോര്‍ഗന്റെ 102. ഇന്ത്യക്കായി അശ്വിന്‍ മൂന്നും ബുംറ രണ്ടും വിക്കറ്റുകള്‍ നേടി.

നേരത്തെ, കോഹ്ലിയടക്കമുള്ള മുന്‍നിര നിറംമങ്ങിയപ്പോള്‍ ലഭിച്ച അവസരം തീര്‍ത്തും മുതലാക്കിയ വെറ്ററന്‍മാരായ യുവരാജ് സിംഗിന്റെയും നായക സ്ഥാനം വച്ചൊഴിഞ്ഞ മഹേന്ദ്രസിംഗ് ധോണിയുടെയും സെഞ്ചുറി മികവിലാണ് കട്ടക്കില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. 25/3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ തോളേറ്റിയ യുവിയുടെയും ധോണിയുടെയും ഇന്നിംഗ്‌സുകളുടെ മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 256 റണ്‍സാണ് ഇന്ത്യന്‍ ഇംഗ്ലീഷ് പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. നാലാം ഓവറില്‍ ഒത്തുചേര്‍ന്ന ഇവര്‍ 43ാം ഓവറിലാണ് പിരിഞ്ഞത്. ആദ്യ അഞ്ച് ഓവറിനിടെ ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി എന്നിവരെ ക്രിസ് വോക്‌സ് മടക്കിയിരുന്നു.

2011നുശേഷം ആദ്യമായി സെഞ്ചുറി കുറിച്ച യുവി 127 പന്തില്‍നിന്ന് 150 റണ്‍സ് നേടിയപ്പോള്‍ ധോണി 122 പന്തില്‍നിന്നു 134 റണ്‍സ് നേടി ഉറച്ച പിന്തുണ നല്‍കി. 21 ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകന്പടിയോടെയായിരുന്നു യുവിയുടെ ഇന്നിംഗ്‌സ്. നായകസ്ഥാനത്തിന്റെ ഭാരമൊഴിഞ്ഞ ധോണിയാകട്ടെ 10 ബൗണ്ടറികളും ആറു പടുകൂറ്റന്‍ സിക്‌സറുകളും പായിച്ചു. യുവിയുടെ 14ാം ഏകദിന സെഞ്ചുറിയും ധോണിയുടെ 10ാം സെഞ്ചുറിയുമാണ് കട്ടക്കില്‍ കുറിച്ചത്.

ഏകദിനത്തില്‍ 200ല്‍ അധികം സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും സ്വന്തമാക്കിയാണ് ധോണി മടങ്ങിയത്. നാലാം വിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട്, ഇംഗ്ലണ്ടിനെതിരെ എക്കാലത്തെയും ഉയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് എന്നീ നേട്ടങ്ങളും ധോണിയുവി സഖ്യം സ്വന്തം പേരിലാക്കി. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംലഎ.ബി.ഡിവില്ലിയേഴ്‌സ് സഖ്യം 2012ല്‍ കൂട്ടിച്ചേര്‍ത്ത 172 റണ്‍സിന്റെ റിക്കാര്‍ഡാണ് ഇന്ത്യന്‍ വെറ്ററന്‍മാര്‍ മറികടന്നത്.

അവസാന ഓവറുകളില്‍ കേദാര്‍ യാദവ് (22), ഹാര്‍ദിക് പാണ്ഡ്യ(19), രവീന്ദ്ര ജഡേജ എന്നിവര്‍ നടത്തിയ വെടിക്കെട്ടും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചു. നേരത്തെ, നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സിന്റെ പ്രകടനമാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. ലിയാം പ്ലങ്കറ്റ് രണ്ടു വിക്കറ്റ് നേടി.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഉമേഷ് യാദവിനു പകരം ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
MoreNews