09.59 PM 10/01/2017
മനില: ദക്ഷിണ ഫിലിപ്പിൻസിൽ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി സംബോൻഗ സിറ്റിക്കടുത്ത് മത്സ്യബന്ധനം നടത്തവെ കൊള്ളക്കാരുടെ സംഘം ബോട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.
അഞ്ചുപേരായിരുന്നു കൊള്ളസംഘത്തിലുണ്ടായിരുന്നത്. കൊള്ളക്കാരിൽ എല്ലാവരുടെയും കൈവശം ആയുധങ്ങളുണ്ടായിരുന്നു. കടൽക്കൊള്ളക്കാർ ആക്രമണം തുടരവെ ബോട്ടിലുണ്ടായിരുന്ന ഏഴുപേർ കടലിൽ ചാടി രക്ഷപ്പെട്ടു. ഇവരിൽ രണ്ടുപേരാണ് കരയിലെത്തി നാട്ടുകാരെയും കോസ്റ്റ്ഗാർഡിനെയും വിവരമറിയിച്ചത്. രക്ഷാപ്രവർത്തകർ സ്‌ഥലത്തെത്തിയപ്പോൾ എട്ടുപേരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അബു യാഫ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി കോസ്റ്റ്ഗാർഡ് മേധാവി അറിയിച്ചു. കഴിഞ്ഞദിവസം മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് തട്ടിക്കൊണ്ടുപോകാനുള്ള ഭീകരരുടെ ശ്രമം കോസ്റ്റ്ഗാർഡ് പരാജയപ്പെടുത്തിയിരുന്നു.