കണ്ണൂരില്‍ പിടിയിലായത് ഐ.എസ് കേരള ഘടകത്തിന്റെ നേതാക്കളെന്ന് എന്‍.ഐ.എ

07:48 pm 3/10/2016
images
ഐ.എസ് കേരള ഘടകത്തിന് നേതൃത്വം നല്‍കിയത് കണ്ണൂര്‍ കനകമലയില്‍ അറസ്റ്റിലായവരെന്ന് ദേശീയ അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ പേര് അന്‍സാറുല്‍ ഖലീഫ എന്നാണെന്നും എന്‍.ഐ.എ കണ്ടെത്തി. കൊച്ചിയിലെ യോഗത്തില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് തെളിവായി സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് ആപ്ലിക്കേഷനായ ടെലഗ്രാം ഉപയോഗിച്ച് നടത്തിയ ചാറ്റുകളും കണ്ടെടുത്തു.
ഇന്നലെ അറസ്റ്റിലായ ആറ് പേരെ ഇന്ന് വൈകുന്നേരം കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. കണ്ണൂരില്‍ നിന്ന് അഞ്ച് പേരെയും കോഴിക്കോട് കുറ്റ്യാടിയില്‍ നിന്ന് ഒരാളെയുമാണ് ഇന്നലെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹ സ്വഭാവമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന ഇവരെ കണ്ണൂര്‍ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് എന്‍.ഐ.എ പിടികൂടിയത്. ഇവര്‍ നടത്തിയ ടെലിഗ്രാം ചാറ്റുകളില്‍ പാകിസ്ഥാന്‍ അനുകൂല സന്ദേശങ്ങളും കേരളത്തില്‍ പ്രമുഖരെ ലക്ഷ്യമിട്ട് നടത്താനിരുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കണ്ടെത്തിയെന്ന് എന്‍.ഐ.എ അറിയിച്ചു. കേരളം കേന്ദ്രീകരിച്ച് ഇസ്‍ലാമിക് സ്റ്റേറ്റിന് ഒരു ഘടകം തന്നെയുണ്ടെന്നും അതിലെ പ്രധാന കണ്ണികളെയാണ് ഇന്നലെ പിടികൂടിയതെന്നുമാണ് എന്‍.ഐ.എ നല്‍കുന്ന വിവരം.