കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ഉപരോധത്തിനിടെ സംഘര്‍ഷം.

07:22 pm 23/3/2017
Hibi_Eden_Protest_760x400

എറണാകുളം: ചെട്ടിച്ചിറയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ഉപരോധത്തിനിടെ സംഘര്‍ഷം. ഹൈബി ഈഡന്‍ എം.എല്‍.എ അടക്കമുള്ളവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തുനീക്കി. വൈപ്പിനിലെ മദ്യശാല ചെട്ടിച്ചിറയിലേക്ക് മാറ്റുന്നതിനെതിരെയായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തിനിടെ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ തങ്ങള്‍ക്ക് നേരെ മൂത്രം തളിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

രാവിലെ 11.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. കണ്‍സ്യൂമര്‍ഫെഡ് മദ്യശാലക്ക് മുന്നില്‍ മൂന്ന് ദിവസമായി ജനങ്ങള്‍ വലിയ പ്രതിഷേധം നടത്തിവരികയാണ്. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇന്ന് രാവിലെ 11.30ഓടെ ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മദ്യവില്‍പ്പനശാലക്ക് ഷട്ടറിടാന്‍ ശ്രമിച്ചു. ഇതിനിടെ ഔട്ട്‍ലെറ്റിനുള്ളിലുണ്ടായിരുന്ന ജീവനക്കാരുടെ അടുത്ത് നിന്ന് മൂത്രം നിറച്ച ഒരു കുപ്പി സമരക്കാരുടെ ഇടയിലേക്ക് എറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ ജീവനക്കാരുമായി ചെറിയ തോതില്‍ ഏറ്റുമുട്ടുകയും ചെയ്തു. മൂത്രം തളിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കമുള്ള ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതിന് ശേഷമാണ് എം.എല്‍.എ അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മദ്യശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ മദ്യം വാങ്ങാനെത്തിയവരുടെ വലിയ നിരയും ഇവിടെയുണ്ട്. മൂത്രം തളിച്ചത് ജീവനക്കാര്‍ ആണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് എം.ഡി അറിയിച്ചു.