കനകമലയിൽ നിന്ന്​ എന്‍.ഐ.എ സംഘം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

08:00 pm 2/10/2016
download

കണ്ണൂർ: ചൊക്ലിക്കടുത്ത മേക്കുന്ന് കനകമലയിൽ നിന്ന്​ എന്‍.ഐ.എ സംഘം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയാണ്​ കസ്​റ്റഡിയിലെടുത്ത്​. അണിയറ കീഴ്മാടം മദീന മന്‍സിലില്‍ മൻഷിദ്​ എന്നയാളെയും മറ്റ് നാലുപേരെയുമാണ് പിടികൂടിയത്. ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ) ഐ.ജി അനുരാഗ് തംഗിെൻറയും മൂന്ന് ഡി.വൈ.എസ്.പിമാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

രാജ്യാന്തര ബന്ധമുണ്ടെന്ന് സംയിക്കുന്ന ചിലരുടെ ഫോണ്‍ കോളുകള്‍ എന്‍.ഐ.എ നിരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നും മേക്കുന്ന് കനകമലയില്‍ രഹസ്യയോഗം ചേരുന്നുണ്ടെന്ന് വിവരം ലഭിച്ചു. യോഗത്തില്‍ സംബന്ധിക്കുന്നതിന് എത്തിയ ജില്ലക്ക് പുറത്തു നിന്നുള്ളവരുടെ മെബൈല്‍ നമ്പറുകള്‍ പിന്തുടര്‍ന്നാണ് എന്‍.ഐ.എ സംഘം കനകമലയിലെത്തിയത്.

ലോക്കല്‍ പൊലീസിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് മലക്കു ചുറ്റും പൊലീസിനെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ ഇവരെ പിടികൂടിയത്. വൈകിട്ട് നാലുമണിയോടെ എൻ.ഐ.എ സംഘം മടങ്ങി. പിടികൂടിയവരുമായി പോകുന്നതിനിടെ തടിച്ചുകൂടിയ ജനങ്ങള്‍ എൻ.​െഎ. എ സംഘത്തോട്​ വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.