കനത്ത മഞ്ഞുവീഴ്ച: ന്യൂയോര്‍ക്കിലെ വിദ്യാലയങ്ങള്‍ക്ക് അവധി .

08:30 pm 9/2/2017

– പി.പി. ചെറിയാന്‍
Newsimg1_39507075
ന്യൂയോര്‍ക്ക് : കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ പബ്ലിക് സ്കൂളുകള്‍ക്ക് മേയര്‍ ബില്‍ ഡി. ബ്ലാസിയൊ ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.6 മുതല്‍ 12 ഇഞ്ചുവരെയാണ് ഹിമപാതം പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ലോങ്ങ് ഐലന്റ് പ്രദേശത്തായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യുയോര്‍ക്കിലെ ജനങ്ങളോട് കനത്ത മഞ്ഞുവീഴ്ചയെ അഭിമുഖീകരിക്കുവാന്‍ തയാറായിരിക്കണമെന്നു ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ നിര്‍ദ്ദേശിച്ചു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വാഹനം പുറത്തിറക്കുന്നതു വളരെ ശ്രദ്ധിച്ചു വേണമെന്നും കഴിവതും ഒഴിവാക്കുകയാണ് നല്ലതെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാവിലെ മൂന്നു മുതലാണ് മഞ്ഞ് വീഴ്ച ആരംഭിക്കുകയെങ്കിലും വൈകിട്ട് വരെ തുടരാനാണ് സാധ്യത. വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ മുന്‍കൂട്ടി വിവരങ്ങള്‍ അറിഞ്ഞതിനുശേഷമേ യാത്ര പുറപ്പെടാവൂ എന്നും അറിയിച്ചിട്ടുണ്ട്. ന്യൂജഴ്‌സി ഗവര്‍ണറും ഇതേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വീട്ടില്‍ തന്നെ കഴിയുന്നതാണ് നല്ലതെന്നും ഗവര്‍ണര്‍ പറഞ്ഞു.