കന്നഡ നടി ഷൂട്ടിംഗ് ലൊക്കേഷനിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചു

10.14 PM 10/01/2017
PADMAVADI_100117
ബംഗളൂരു: ഷൂട്ടിംഗിനിടെ കർണാടകയിൽ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ ദുരന്തം. കന്നഡനടി ഷൂട്ടിംഗ് ലൊക്കേഷനിൽ കെട്ടിടത്തിൽനിന്നും വീണു മരിച്ചു. സഹനടി പദ്മ എന്ന പദ്മാവതി(45)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ബംഗളൂരു യെലഹങ്കയ്ക്കടുത്ത് അവലാഹള്ളിയിൽ വിഐപി എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ദുരന്തം. മനോരഞ്ജൻ നായകനായ സിനിമയ്ക്കായി നിർമാണത്തിലിരിക്കുന്ന കെട്ടിടമായിരുന്നു ലൊക്കേഷൻ. നായകന്റെ നേതൃത്വത്തിൽ 150 ഓളം പേർ നിർമാണതൊഴിലാളികളായി അഭിനയിക്കുന്നതിന്റെ ഷൂട്ടിംഗാണ് നടന്നുവന്നിരുന്നത്.

തിങ്കളാഴ്ച രാത്രി 7.30 ഓടെ ഷൂട്ടിംഗ് പൂർത്തിയായശേഷം പദ്മാവതിയെ കാണാതാകുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിൽനിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഷൂട്ടിംഗ് നടന്ന കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നും ലിഫ്റ്റ് നിർമിക്കാനായി കുഴിച്ച സ്‌ഥലത്തേക്കു വീണാണു മരിച്ചത്. സംഭവം ആത്മഹത്യയാണോ അപകടമാണോയെന്നു വ്യക്‌തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.