കമ്പംമേട്ടിലെ എക്‌സൈസ് ചെക്കുപോസ്റ്റടച്ചു

10.17 Am 05-09-2016
Check_Post_760x400
കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ ഇടുക്കിയിലെ കമ്പംമേട്ടിലുണ്ടായിരുന്ന എക്‌സൈസ് ചെക്കുപോസ്റ്റുകളിലൊന്ന് അടച്ചുപൂട്ടി. ഓണക്കാലത്തുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു സ്പിരിറ്റുള്‍പ്പെടെയുള്ള സാധനങ്ങള്‍ കടന്നു വരാന്‍ സാധ്യതയുള്ള വഴിയില ചെക്കുപോസ്റ്റാണ് അടച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണം പറഞ്ഞത് പൂട്ടിയത്.

തമിഴ്‌നാട്ടില്‍ നിന്നു സ്പിരിറ്റും കഞ്ചാവും മറ്റ് ലഹരിസാധനങ്ങളും എത്തുന്ന പ്രധാന വഴികളിലൊന്നാണ് കമ്പംമെട്ട്. തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന റോഡ് കമ്പംമെട്ടില്‍ അതിര്‍ത്തിയില്‍ വച്ച് നെടുങ്കണ്ടത്തേയ്!ക്കും കട്ടപ്പനയിലേക്കും തിരിയും. ഇതില്‍ നെടുങ്കണ്ടം റൂട്ടില്‍ മാത്രമാണ് എക്‌സൈസ് വകുപ്പിന് ഔദ്യോഗിക ചെക്കുപോസ്റ്റുകളുള്ളത്. എന്നാലിതു വഴി സ്പിരിറ്റും മറ്റും കടത്തിക്കൊണ്ടുപോകുന്നത് കുറവാണ്. അതേസമയം കട്ടപ്പന റൂട്ടിലൂടെ നിരവധി തവണ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുകയും പിടിയിലാകുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് കട്ടപ്പന റൂട്ടിലും വാടകക്കെട്ടിടത്തില്‍ ചെക്കുപോസ്റ്റ് തുറന്നത്. ചെക്കുപോസ്റ്റിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിന് വാടക നല്‍കിയിരുന്നത്. ഇത് അനധികൃതമാണെന്നു കാട്ടിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചെക്കു പോസ്റ്റ് അടക്കാന്‍ വാക്കാല്‍ ഉത്തരവ് നല്‍കിയത്. റോഡില്‍ മഴയും കാറ്റും സഹിച്ച് വാഹനങ്ങള്‍ പരിശോധിക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥരിപ്പോള്‍.

എല്ലാ ചെക്കു പോസ്റ്റുകളും ഒരു കെട്ടിടത്തിലാക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് സര്‍ക്കാരിനു കത്തു നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നടപടിയൊന്നുമായില്ല. ഓണക്കാലത്ത് നിരോധിത സാധനങ്ങള്‍ കടത്തുന്നവരെ സഹായിക്കാനാണ് ചെക്കുപോസ്റ്റു നിര്‍ത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.