കരച്ചില്‍ നിര്‍ത്താത്തതിന് രണ്ട് വയസുകാരനെ അമ്മ അടിച്ചുകൊന്നു

08:30 am 18/1/2017
images (1)
ബംഗളുരു: വാശിപിടിച്ച് കരഞ്ഞ രണ്ടു വയസുള്ള മകനെ അമ്മ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച നടന്ന കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ലോകം അറിഞ്ഞത്. എം.ജി ഗാര്‍ഡന് സമീപം കസ്തൂരി ഭായ്-അറുമുഖം ദമ്പതികളുടെ മകന്‍ വിജയ് ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ജനുവരി ഒന്‍പതിനാണ് കുഞ്ഞിന്റെ അമ്മയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുഞ്ഞ് നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തലയ്ക്കും ഹൃദയത്തിനും ശ്വാസകോശത്തിലും ഗുരുതര പരിക്കുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്ന ദിവസം കുഞ്ഞ് അമ്മയോടൊപ്പം തന്നെയായിരുന്നെന്നാണ് കണ്ടെത്തിയത്. അമ്മ കസ്തൂരി ഭായിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരങ്ങളുടെ ചുരുളഴിഞ്ഞത്.
രണ്ട് വയസുകാരന്‍ വിജയുടെ കരച്ചിലടക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുട്ടിയെ നിലത്തിട്ട് ചവിട്ടിയെന്നും വീടിന്റെ ചുവരിനോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നും അവര്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി തല്ലിയ ശേഷം അടുക്കളയിലേക്ക് പോയി. പ്രിന്റിങ് പ്രസിലെ ജീവനക്കാരിയാണ് കസ്തൂരി. അച്ഛന്‍ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി നോക്കുന്നു. മൂന്ന് ആണ്‍ മക്കളുള്ള ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികളും പ്രിന്റിങ് പ്രസില്‍ ജോലിക്ക് പോയിരുന്നവരാണ്.
സംഭവദിവസം സഹോദരങ്ങളോടൊപ്പം പ്രസിലേക്ക് പോയ വിജയിയെ പിന്നീട് ജ്യേഷ്ഠന്‍ തിരികെ വീട്ടില്‍ കൊണ്ടാക്കുകയായിരുന്നു. ഈ സമയം പ്രസിലെത്തിയ കസ്തൂരി മകന്‍ അവിടെ ഇല്ലെന്നറിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോഴാണ് മകന്‍ നിര്‍ത്താതെ കരഞ്ഞതില്‍ അരിശംപൂണ്ട് ക്രൂരമായി കൊലപ്പെടുത്തിയത്. പിന്നീട് ഏറെ വൈകി, കസ്തൂരിയുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതും.