കരുണയുടെ കയ്യൊപ്പു ചാര്‍ത്തിയ സ്‌നേഹവീഥിയില്‍ സന്തോഷും കുടുംബവും

12:30 pm 2/1/2017

– സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_65513047
ന്യൂജേഴ്‌സി: രണ്ടുപതിറ്റാണ്ടു മുമ്പ് മാനസികാസ്വാസ്ഥ്യം ബാധിച്ചു പാലാ നഗരത്തിന്റെ തെരുവോരങ്ങളില്‍ അലഞ്ഞുതിരിയുകയായിരുന്ന തോമസ് എന്ന മനുഷ്യനെ കണ്ടുമുട്ടുന്നതു വരെ സന്തോഷ് ജോസഫിന്റെ ജീവിതവും തികച്ചും സാധാരണമായിരുന്നു. പക്ഷേ, വഴിയോരത്തു നിന്നു കണ്ടെത്തിയ തോമസിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണമെന്നും അവനു വേണ്ട പരിചരണം നല്‍കണമെന്നും ദൈവം തോന്നിപ്പിച്ച അന്നു സന്തോഷിന്റെ ജീവിതം മാറുകയായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് നടന്നത് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ മാത്രമാണ്.

തോമസിനെ ഒപ്പം കൂട്ടികൊണ്ടു പോയി, തന്റെ സ്വന്തമെന്നപോലെ തന്നെ പരിചരിച്ചു കൊണ്ടു 1998ല്‍ പാലായില്‍ തുടക്കമിട്ട മരിയ സദനം റീഹാബിലിറ്റേഷന്‍ സെന്റര്‍ രണ്ടു പതിറ്റാണ്ടിനിടെ അഭയവും ആശ്വാസവും നല്‍കിയത് അനവധിയാളുകള്‍ക്കാണ്. പാലാതൊടുപുഴ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ രോഗശാന്തിയും പുനരധിവാസവും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതോടൊപ്പം, ജീവിത സായാഹ്നത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, മാറാരോഗ ബാധിതര്‍, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍, അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍, ആര്‍ക്കും വേണ്ടാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, അണുകുടുംബ വ്യവസ്ഥിതിയില്‍ കുടുംബത്തില്‍ നിന്നും തിരസ്കരിക്കപ്പെടുന്ന വയോജനങ്ങള്‍ തുടങ്ങി ആയിര കണക്കിനാളുകളുടെ ആശ്രയവും പ്രതീക്ഷയുമാണ്. സ്‌നേഹവും സാന്ത്വനവുമായി കൈത്താങ്ങ് ആകേണ്ട മക്കളും ബന്ധുക്കളും കൊണ്ടുവന്നു ഉപേക്ഷിച്ചവരും സ്വയം വന്നു അഭയം തേടിയവരും ഇവിടെയുണ്ട്. അവര്‍ക്കു മക്കളുടെ സ്‌നേഹവും പരിചരണവും നല്കാന്‍ കണ്ണും മനസ്സും തുറന്ന് സേവന വ്യാപൃതരാവുകയാണ് സന്തോഷും, മിനിയും, കുഞ്ഞുങ്ങളും.

അശരണരുടെയും, നിരാലംബരുടെ കണ്ണീരൊപ്പാന്‍ സന്തോഷും ഭാര്യ മിനിയും തങ്ങളുടെ അഞ്ച് മക്കളും അടങ്ങുന്ന കുടുംബം ഒരേ മനസ്സോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. യാന്ത്രികതയുടെ ഈ ലോകത്ത് പരസ്പരസ്‌നേഹം എന്നത് മരീചികയായി മാറുന്ന കാലത്ത്, ആര്‍ക്കും വേണ്ടാത്തവരെ ഏറ്റെടുത്ത് തങ്ങളുടെ സ്വന്തം കുടുംബാംഗത്തെ പോലെ സ്‌നേഹിച്ച് പരിചരിച്ചു കൊണ്ട് ജീവിതത്തിന് അര്‍സ്ഥവും വ്യാപ്തിയും കണ്ടെത്തുകയാണ് ഈ കുടുംബം. അതിനിടെ രോഗശാന്തിയിലൂടെ ജീവിതം തിരികെ ലഭിച്ച് മടങ്ങിയവരും ധാരാളം.

നൂതനമായ ഏത് ആശയവും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ധൈര്യം കാട്ടുന്ന സന്തോഷ്, സംഗീതവും കലയും ചേര്‍ന്നുള്ള ‘ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍’ എന്ന ചികിത്സയിലൂടെയും രോഗികള്‍ക്ക് ആശ്വാസം പകരുന്നു. ഈ ചികിത്സാരീതി നിരവധിയാളുകള്‍ക്ക് ആശ്വാസം പകരുന്നുവെന്നും ഇവിടുത്തെ അന്തേവാസികളുടെ മാനസികനിലയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും മിനിയും, സന്തോഷും ഒരേ സ്വരത്തില്‍ പറയുന്നു.

‘ദിവസം മൂന്ന് മുതല്‍ ആറ് നേരം വരെ മരുന്ന് കഴിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ അത് ഒന്നോ രണ്ടോ നേരത്തേക്കാക്കി ചുരുക്കാനാകുന്നുണ്ട്. സംഗീതത്തിന് അവരെ രോഗമുക്തിയിലേക്ക് നയിക്കാന്‍ പെട്ടെന്നു സാധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ മുതല്‍ ശാസ്ത്രീയ സംഗീതത്തിലും ഉപകരണസംഗീതത്തിലുമെല്ലാം ഇവര്‍ക്ക് പരിശീലനം നല്‍കി കൊണ്ടുള്ള ചികിത്സാ രീതികള്‍ ആരംഭിക്കുകയും, തുടര്‍ന്ന് പോകുകയും ചെയ്യുന്നുണ്ട്,’ സന്തോഷ് പറയുന്നു.

ഇതുവരെ 2600ലേറെ ആളുകള്‍ തണല്‍ തേടിയെത്തിയിട്ടുള്ള മരിയ സദനത്തില്‍ ഇപ്പോള്‍ 350ല്‍ പരം അന്തേവാസികളാണുള്ളത്. നിരവധിയാളുകള്‍ ചികിത്സയിലൂടെ രോഗശാന്തി തേടി വീടുകളിലേക്ക് മടങ്ങി. ‘ഏറ്റവും കുറഞ്ഞത് 50 പേരുടെയെങ്കിലും മാനസ്സികാസ്വാസ്ഥ്യം സംഗീതത്തിലൂടെയാണ് മാറ്റിയത്,’ സന്തോഷ് പറയുന്നു.

എന്നാല്‍ പലപ്പോഴും സ്ഥലസൗകര്യങ്ങളുടെ അപര്യാപ്തതയും, സാമ്പത്തിക പരിമിതിയും കാരുണ്യ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്ന് തെല്ലൊരു വ്യസനത്തോടു കൂടി സന്തോഷ് പറയുന്നു.

‘സ്വര്‍ഗ്ഗസ്ഥനായ ദൈവമാണ് അവിടം കാക്കുന്നതും, അതിനു സഹായമെത്തിക്കുന്നതും. അതിനെ ഉപദ്രവിക്കുന്നവരെ അവിടന്ന് പ്രഹരിച്ചു നശിപ്പിക്കുന്നു’ (2 മക്കബായര്‍ 39) പ്രതിസന്ധികള്‍ക്ക് നടുവിലും ഈ ബൈബിള്‍ വചനങ്ങളാണ് സന്തോഷിനും കുടുംബത്തിനും ആശ്വാസം ധൈര്യവും പകരുന്നത്. തങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ അലട്ടുമ്പോഴും എല്ലാം ദൈവത്തിനു സമര്‍പ്പിക്കാനാണ് സന്തോഷും കുടുംബവും ആഗ്രഹിക്കുന്നത്.

തന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ആരോടും നേരിട്ട് പണം ചോദിയ്ക്കാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് സന്തോഷ്. എന്നാല്‍ സന്തോഷിന്റെ പുണ്യ പ്രവൃത്തികള്‍ കണ്ടും കേട്ടും അറിഞ്ഞ് സഹായഹസ്തവുമായി എത്തുന്ന സുമനസ്സുകളും ധാരാളമുണ്ട്. ‘ഒരിക്കല്‍ അത്യാസന്ന നിലയില്‍ ഒരു രോഗി ഇവിടെ എത്തി. അദ്ദേഹത്തിന് അടിയന്തര ചികിത്സയ്ക്കായി 50,000 രൂപയുടെ ആവശ്യമുണ്ട്. എന്തുചെയ്യണമെന്നറിയാതെ പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നപ്പോള്‍ ദൈവം അയച്ചപോലെ നടന്‍ ജഗതി ശ്രീകുമാര്‍ കടന്നുവന്ന് 50,000 രൂപയുടെ ചെക്ക് നല്‍കിയത് മറക്കാനാവാത്ത അനുഭവമായിരുന്നു,’ സന്തോഷ് പറയുന്നു.

മറ്റൊരിക്കല്‍ അന്തേവാസികള്‍ക്ക് ഉച്ച ഭക്ഷണമൊരുക്കാന്‍ നിവര്‍ത്തിയില്ലാതെ ഇരുന്ന സമയത്ത് ഏതോ ഒരു റസ്‌റ്റോറന്റില്‍ നിന്നും ഒരു ഫോണ്‍ സന്ദേശമത്തി, ‘ ക്ഷമിക്കണം, ബുദ്ധിമുട്ടാവില്ലെങ്കില്‍ ഞങ്ങള്‍ 500 പേര്‍ക്കുള്ള ബിരിയാണിയുമായി അങ്ങോട്ടു വരികയാണ്.’ തുടങ്ങിയ സംഭവങ്ങള്‍ പറയുമ്പോള്‍ സന്തോഷ് ഏറെ വാചാലനായി.

ഈ നിരാലംബര്‍ക്ക് അഭയവും ആശ്രയവും ഒരുക്കുന്ന പുണ്യപ്രവൃത്തിയില്‍ സന്തോഷിനും കുടുംബത്തിനും ഒപ്പം നമുക്കും പങ്കാളിയാവാം. അനാഥ കുഞ്ഞുങ്ങളുടെ മാതാപിതാക്കളാവാന്‍, വാര്‍ദ്ധക്യത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് മക്കളുടെ സ്‌നേഹം പകരാന്‍ നമുക്കും സന്തോഷിനൊപ്പം കൈകോര്‍ക്കാം. നമ്മുടെ മനസ്സില്‍ എവിടെയൊക്കെയോ ഉറവയെടുക്കുന്ന കാരുണ്യത്തിന്റെ നീരുറവയില്‍ നിന്ന് നമുക്കും നീട്ടാം ഒരു സഹായഹസ്തം. സഹായം അഭ്യര്‍ത്ഥിക്കാനല്ലാതെ, ഒരു കൈത്താങ്ങ് നല്‍കാനായി നമുക്കു വിളിക്കാം സന്തോഷിനെ ഈ നമ്പറിലേക്ക് 9847585386. നമ്മുടെ ഈ ഒരു ജീവിതം കൊണ്ട് നമ്മുക്ക് ചുറ്റും നാമറിയാതെ കഷ്ടപ്പെടുന്ന ആരുപോലുമില്ലാത്തവര്‍ക്കു ഒരു തണലാകാന്‍ സ്വാന്തന മാകാന്‍ ആ വിളി ഇടയായാലോ.

സന്തോഷും, ഭാര്യ മിനിയും അമേരിക്കയിലെ ചില സുഹൃത്തുക്കളുടെ അതിഥിയായി ഫെബ്രുവരി 21 വരെ ന്യൂ ജേഴ്‌സിയില്‍ ഉണ്ട്. നേരില്‍ കാണാനും, ഫോണില്‍ ബന്ധപ്പെടാനും ആഗ്രഹമുള്ളവര്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കാം.

തോമസ് ചെറിയാന്‍ പടവില്‍ (908) 9061709, സിറിയക് ആന്റണി (908) 5319002, ജോസ് ജോസഫ് (വിജയന്‍) (908) 8843087, ജെയിംസ് കോക്കാട് (973) 9000858.