കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3-ന്

09:44 am 28/10/2016

അപ്പച്ചന്‍ കണ്ണന്‍ചിറ
Newsimg1_19913521
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ സഭക്കായി രൂപത ലഭിച്ചതിന്റെ ആഹ്‌ളാദം സഭാ മക്കളുമായി പങ്കിടുന്നതിനും,നന്ദി സൂചകമായി കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനും ആയി കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യു കെ യില്‍ എത്തുന്നു.നവംബര്‍ 3 നു വ്യാഴാഴ്ച ഉച്ചക്ക് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വന്നെത്തുന്ന സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെ ആതിഥേയ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവ്,വികാരി ജനറാള്‍ റവ.ഡോ.മാത്യു ചൂരപൊയികയില്‍,നിരവധിയായ വൈദികരും അല്മായരും ചേര്‍ന്ന് സ്വീകരിക്കും.

നവംബര്‍ 3 നു വ്യാഴാഴ്ച വൈകുന്നേരം 6:00 മണിക്ക് സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ എത്തിച്ചേരുന്ന വലിയ പിതാവിന് കത്തീഡ്രല്‍ വികാരികൂടിയായ ചൂരപൊയികയില്‍ അച്ചന്‍ ഊഷ്മളമായ സ്വാഗതം ആശംസിക്കും.തുടര്‍ന്ന് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നതാണ്. ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ദിവ്യ ബലിയിലും പ്രാര്‍ത്ഥനകളിലും സഹകാര്‍മികത്വം വഹിക്കും. നിരവധി വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേരുന്നതാണ്.

വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ആലഞ്ചേരി പിതാവ് സഭാ മക്കളുമായി സംസാരിക്കും.അഭിവന്ദ്യ കര്‍ദ്ധിനാളിന്റെ അജപാലന സന്ദര്‍ശനത്തില്‍ മാര്‍ ശ്രാമ്പിക്കല്‍ പിതാവ് അദ്ദേഹത്തെ അനുധാവനം ചെയ്യുന്നതാണ്.ആലഞ്ചേരി പിതാവും,ശ്രാമ്പിക്കല്‍ പിതാവും ഷെഫീല്‍ഡ്,ടോള്‍വര്‍ത്ത് (ലണ്ടന്‍), സ്‌റ്റോക് ഓണ്‍ ട്രെന്‍ഡ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടനിലുള്ള പരമാവധി സഭാ മക്കളെയും നേരില്‍ കാണുന്നതാണ്.

രൂപത നേടിയെടുക്കുന്നതില്‍ എല്ലാവരും ഒത്തൊരുമയോടെ കാണിച്ച അഭിനന്ദനീയമായ പരിശ്രമങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാനും, മെത്രാഭിഷേകവും,രൂപതയുടെ ഉദ്ഘാടനവും,കത്തീഡ്രല്‍ കൂദാശ കര്‍മ്മങ്ങളും അനുഗ്രഹപൂര്ണ്ണമാവുന്നതിലും വലിയ വിജയം ആക്കുന്നതിലും സഹകരിച്ച എല്ലാവര്‍ക്കും അഭിനന്ദനവും, കടപ്പാടും അറിയിക്കുന്നതിനും, നവ രൂപതയുടെ വളര്‍ച്ചക്ക് ഏവരുടെയും ആല്മാര്‍ത്തമായ പ്രാര്‍ത്ഥനകളും പ്രോത്സാഹനവും,സഹകരണവും അഭ്യര്‍ത്ഥിക്കുവാനും, ഒന്നിച്ച് ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുവാനും ആയിട്ടാണ് മുഖ്യമായും മാര്‍ ആലഞ്ചേരി പിതാവ്ഈ അജപാലന സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നത്.

അഭിവന്ദ്യ കര്‍ദ്ധിനാള്‍ നയിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേരുന്നതിനായി പ്രസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലെയും സഭാ മക്കളെ മുഴുവനുമായി സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലേക്കു സ്‌നേഹപൂര്‍വ്വംസ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി മാത്യു അച്ചന്‍ അറിയിച്ചു.