കര്‍ശന പരിശോധനകളോടെ ‘നീറ്റ്’ ആദ്യഘട്ടം നടന്നു

11:25am 3/5/2016

download (5)
തിരുവനന്തപുരം: ആശങ്കകള്‍ക്കിടെ, കര്‍ശന പരിശോധനകളോടെ മെഡിക്കല്‍/ ഡെന്റല്‍ പ്രവേശത്തിനുള്ള ഒന്നാംഘട്ട നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) നടന്നു. 6.5 ലക്ഷംപേര്‍ എഴുതിയ പരീക്ഷ കടുപ്പമേറിയതായിരുന്നെന്നാണ് പൊതുവില്‍ അഭിപ്രായം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍.
മെഡിക്കല്‍/ ഡെന്റല്‍ പ്രവേശത്തിന് വിവിധ പരീക്ഷകള്‍ എഴുതുന്ന രീതി അവസാനിപ്പിച്ച് രാജ്യത്ത് ഒന്നടങ്കം ഒറ്റപ്പരീക്ഷ നടത്തിയാല്‍ മതിയെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പരീക്ഷ. ഒന്നാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ജൂലൈ 24ന് രണ്ടാംഘട്ട ‘നീറ്റ്’ നടത്തും.
സംസ്ഥാനത്തെ മെഡിക്കല്‍/ ഡെന്റല്‍ കോളജുകളില്‍ പ്രവേശത്തിന് പൊതുപ്രവേശന പരീക്ഷാ കമീഷണര്‍ ഏതാനും ദിവസം മുമ്പാണ് പരീക്ഷ നടത്തിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ പരീക്ഷയുടെ സാധുത അനിശ്ചിതത്വത്തിലാണ്. സംസ്ഥാന പരീക്ഷയെ അടിസ്ഥാനമാക്കി ഇക്കൊല്ലം പ്രവേശം നടത്താന്‍ അനുമതിതേടി കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ചൊവ്വാഴ്ച പരിഗണിച്ചേക്കും. കേസില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകാന്‍ സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്ക് ഇക്കൊല്ലം സ്വന്തംനിലയില്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും നല്‍കിയ ഹരജികളും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വിവിധ സംസ്ഥാനങ്ങളിലെ 15 ശതമാനം മെഡിക്കല്‍/ ഡെന്റല്‍ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്ക് പ്രവേശത്തിന് നടത്താന്‍ നിശ്ചയിച്ച ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍/ ഡെന്റല്‍ ടെസ്റ്റ് ആണ് ഒന്നാംഘട്ട ‘നീറ്റ്’ ആക്കി മാറ്റിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തിയ പരീക്ഷക്കത്തെിയ വിദ്യാര്‍ഥികളെ കര്‍ശന ദേഹപരിശോധനയോടെയാണ് ഞായറാഴ്ച പരീക്ഷാ കേന്ദ്രങ്ങളിലും ഹാളിലും പ്രവേശിപ്പിച്ചത്. പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റില്‍ ആദ്യഘട്ട പരിശോധനക്കുശേഷം, പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക മുറിയില്‍ ശിരോവസ്ത്രമണിഞ്ഞത്തെിയ വിദ്യാര്‍ഥികള്‍ക്കുള്ള പരിശോധനയും നടന്നു.
കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങള്‍, വാച്ച്, മുടിയില്‍ ചൂടിയിരുന്ന ക്‌ളിപ്പുകള്‍, പൊട്ട് ഉള്‍പ്പെടെയുള്ളവ ഗേറ്റില്‍വെച്ച് നീക്കംചെയ്ത് രക്ഷാകര്‍ത്താക്കളെ ഏല്‍പിച്ചു. അതിനുശേഷമാണ് പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ഷൂ ഊരിമാറ്റിയെങ്കിലും ചെരിപ്പ് അനുവദിച്ചു. ശിരോവസ്ത്രമണിഞ്ഞ് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ച സി.ബി.എസ്.ഇ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ഹൈകോടതിയില്‍നിന്ന് അനുകൂല വിധി വാങ്ങിയിരുന്നു. അവര്‍ നേരത്തേ പരീക്ഷാ കേന്ദ്രങ്ങളിലത്തെി പരിശോധനക്ക് വിധേയമാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പരീക്ഷയുടെ ഫലം ആഗസ്റ്റ് 17ന് പ്രസിദ്ധീകരിക്കും.