കറന്‍സി പരിഷ്‌കരണം മോദിയുടെ മണ്ടന്‍ തീരുമാനമെന്ന് രാഹുൽ

05:10 pm 08/12/2016
M_Id_424039_Rahul_Gandhi
ന്യൂഡല്‍ഹി: കറന്‍സി പരിഷ്‌കരണം മോദിയുടെ മണ്ടന്‍ തീരുമാനമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പേടിഎം എന്നാല്‍ പേ ടു മോദിയെന്നാണെന്ന് രാഹുൽ പറഞ്ഞു. നോട്ട് പരിഷ്‌കരണത്തില്‍ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ധീരമായ തീരുമാനമല്ല, യാതൊരു ആലോചനയുമില്ലാതെ കൈക്കൊണ്ട മണ്ടന്‍ തീരുമാനമാണ്. ചില കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. നോട്ട് പരിഷ്‌കരണം ഒരു മാസം പിന്നിടുമ്പോള്‍ സമ്പൂര്‍ണ പരാജയമായി മാറിക്കഴിഞ്ഞു.

നോട്ട് പിന്‍വലിക്കലിന്റെ 30ാം നാളായ ഇന്ന് കരിദിനമായി ആചരിക്കുന്ന പ്രതിപക്ഷം സംഘടിപ്പിച്ച പരിപാടയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുകയും മരിച്ചുവീഴുകയും ചെയ്യുമ്പോള്‍ മോദി ചിരിക്കുകയാണ്. കാഷ് ലെസ് സമ്പദ് വ്യവസ്ഥയെന്നാല്‍ കുറച്ച ആളുകള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഏര്‍പ്പാട് മാത്രമാണെന്നും രാഹുൽ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ അതിന് സര്‍ക്കാരും മോദിയും തയാറല്ല. പാര്‍ലമെന്റില്‍ നിന്ന് മോദി ഒളിച്ചോടുകയാണെന്നും രാഹുല്‍ പറഞ്ഞു.