കലയുടെ പുതിയ ഭരണസമിതി അധികാരമേറ്റു

12:30 pm 25/1/2017
– ജോജോ കോട്ടൂര്‍
Newsimg1_90594786

ഫിലാഡല്‍ഫിയ: 1978-ല്‍ ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ച് രൂപീകൃതമായ കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ഈവര്‍ഷത്തെ സാരഥികള്‍ അധികാരമേറ്റു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ബാങ്ക്വറ്റ് സമ്മേളനത്തിലാണ് സണ്ണി ഏബ്രഹാം (പ്രസിഡന്റ്), രേഖാ ഫിലിപ്പ് (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ നിന്നും ഡോ. കുര്യന്‍ മത്തായി (പ്രസിഡന്റ്), ജോസഫ് സഖറിയ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം വഹിക്കുന്ന പുതിയ ഭരണ സമിതി സാരഥ്യമേറ്റുവാങ്ങിയത്.

ഡോ. ജയിംസ് കുറിച്ചി (വൈസ് പ്രസിഡന്റ്), ജോജോ കോട്ടൂര്‍ (ജനറല്‍ സെക്രട്ടറി), അലക്‌സ് ജോണ്‍ (ജോയിന്റ് സെക്രട്ടറി), ജോര്‍ജ് മാത്യു സി.പി.എ, മാത്യു പി. ചാക്കോ, മോനിക്കാമ്മ ജോര്‍ജ്, ജോണ്‍ കെ. ജോര്‍ജ്, ജോസ് വി. ജോര്‍ജ്, പി.കെ. പ്രഭാകരന്‍ എന്നിവരാണ് മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. സണ്ണി ഏബ്രഹാം, രേഖാ ഫിലിപ്പ് എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായി തുടരുന്നതാണ്. കലയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി തങ്കപ്പന്‍ നായര്‍ ആണ് അഡൈ്വസറി കൗണ്‍സിലിനു നേതൃത്വം നല്‍കുന്നത്.

തന്റെ നേതൃത്വകാലത്ത് ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളി സമൂഹം കലയ്ക്ക് നല്‍കിയ വമ്പിച്ച ജനപങ്കാളിത്തത്തിനും ഉദാരമായ പിന്തുണയ്ക്കും മുന്‍ പ്രസിഡന്റ് സണ്ണി ഏബ്രഹാം നന്ദി പറഞ്ഞു.

മലയാളിയുടെ കലാ-സാംസ്കാരിക പൈതൃകത്തോടും വിജ്ഞാന സംതൃപ്തിയോടും പ്രതിബദ്ധത പുലര്‍ത്തുന്ന വിപുലമായ പരിപാടികള്‍ക്കാണ് തനതുവര്‍ഷം കല നേതൃത്വം നല്‍കുക എന്നു ഡോ. കുര്യന്‍ മത്തായി തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

കലയുടെ ആഭിമുഖ്യത്തിലുള്ള നാല്‍പ്പതാമതു ഓണാഘോഷം 2017 ഓഗസ്റ്റ് 26-നു നടത്തുവാനും യോഗത്തില്‍ തീരുമാനമായി. അശോകന്‍ വേങ്ങാശേരി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. പ്രശസ്ത നോവലിസ്റ്റ് നീന പനയ്ക്കല്‍, ഷാജി മിറ്റത്താനി, ഫ്രാന്‍സീസ് പടയാറ്റി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അലക്‌സ് ജോണ്‍, ഫിലിപ്പ് ഇടത്തില്‍ എന്നിവര്‍ നര്‍മ്മവേദിക്ക് നേതൃത്വം നല്‍കി. സംഗീത നിശ സാബു പാമ്പാടി നയിച്ചു. ശ്രുതി സജി ഏബ്രഹാം അവതരിപ്പിച്ച നൃത്തശില്പം ബാങ്ക്വറ്റ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.

ബാങ്ക്വറ്റ് സമ്മേളനം ഒരു കുടുംബ സംഗമം ആക്കി മാറ്റിയതില്‍ സംഘാടകര്‍ നന്ദി പ്രകാശിപ്പിച്ചു.
Newsimg2_24924598