കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി

10:43am 18/3/2016
7422-131722-Kalabhavan-Mani-2

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായിരുന്നതായും വൃക്കയില്‍ അണുബാധയെ തുടര്‍ന്നുളള പഴുപ്പുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, മെഥനോള്‍, വിഷപദാര്‍ഥങ്ങള്‍ എന്നിവ മണിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന നിലയിലുള്ള കാര്യങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്‌ളെന്നാണ് വിവരം. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് ആശുപത്രി, പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് ലഭിക്കാന്‍ ഒരുമാസമെങ്കിലും കഴിയും. കരള്‍രോഗം മൂര്‍ഛിച്ചതും അമിത മദ്യപാനവുമാണ് മണിയുടെ മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോ. ഷീജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് വകുപ്പ് മേധാവി ഡോ. ബല്‍റാം മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ ഡിവൈ.എസ്.പി സുദര്‍ശന് കൈമാറിയത്. മണിയുടെ മരണത്തിന് വഴിവെച്ചത് വ്യാജമദ്യമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മണി സ്ഥിരമായി ബിയര്‍ ഉപയോഗിച്ചിരുന്നതായും ബിയറില്‍ മെഥനോളിന്റെ സാന്നിധ്യമുണ്ടെന്ന നിലയിലുള്ള ചില വിലയിരുത്തലും പൊലീസ് നടത്തുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ശരീരത്തില്‍ കുത്തിവെച്ച മരുന്നുകളാകും വിഷപദാര്‍ഥങ്ങളുടെ സാന്നിധ്യമായി കണ്ടതെന്നും സംശയിക്കുന്നു.
മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിയോട് നിര്‍ദേശിച്ചിരുന്നെന്നും അത് പാലിക്കാത്തത് കരളിന്റെ പ്രവര്‍ത്തനത്തെയും ഘടനയെയും സാരമായി ബാധിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വരുന്നതുവരെ അസ്വാഭാവികമരണം എന്ന നിലയില്‍ അന്വേഷണം തുടരാന്‍ തന്നെയാണ് പൊലീസ് പ്രത്യേകസംഘത്തിന്റെ തീരുമാനം.