കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു –

02:11pm 29/5/2016
Kalabavan-Mani-Facebook
ഹൈദരാബാദ്‌: പ്രമുഖ സിനിമാതാരം കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു. മണിയുടെ ആന്തരീകാവയവം കൂടുതല്‍ പരിശോധനയ്‌ക്കായി അയച്ച ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബിലെ പരിശോധനാഫലം ഇന്ന്‌ പോലീസിന്‌ കിട്ടി. ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബില്‍ നിന്നും പുറത്തുവന്ന പരിശോധനാഫലത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.
അതേസമയം ഹൈദരാബാദില്‍ നടന്ന പുതിയ പരിശോധനയില്‍ ക്‌ളോര്‍ പൈറിഫോറസ്‌ കണ്ടെത്താനായില്ല. നേരത്തേ കാക്കനാട്ട്‌ നടന്ന പരിശോധനയുടെ ഫലം കീടനാശിനിയുടെ അംശം സ്‌ഥിരീകരിച്ചിരുന്നു. ഇനി ഈ വിഷത്തിന്റെ അംശം എങ്ങിനെ മണിയുടെ ഉള്ളിലെത്തി ഇതാണോ മരണകാരണമായത്‌ തുടങ്ങിയവയാണ്‌ അന്വേഷണ വിഷയങ്ങള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മാര്‍ച്ച്‌ 6 നായിരുന്നു മണി മരണമടഞ്ഞത്‌. മരണവുമായി ബന്ധപ്പെട്ട്‌ മണിയെ ചികിത്സിച്ച ആശുപത്രിയിലും പിന്നീട്‌ ആന്തരീകാവയവം പരിശോധിച്ച കൊച്ചി കാക്കനാട്ടെ ആശുപത്രിയിലും മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം വ്യക്‌തമാകുകയും ചെയ്‌തിരുന്നു.
വിഷം കലര്‍ന്ന മദ്യം അവിടെ എങ്ങിനെ എത്തി. ആരാണ്‌ കൊണ്ടുവന്നത്‌ തുടങ്ങിയ സംശയങ്ങളാണ്‌ ബാക്കി നില്‍ക്കുന്നത്‌. നേരത്തേ മണിയുടെ പാടിയില്‍ നാടന്‍ ചാരായം എത്തിയയാളെ പോലീസ്‌ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചിരുന്നു. മണിയുടെ മരണം അന്വേഷിക്കാനായി വിദഗ്‌ദ്ധ മെഡിക്കല്‍ സംഘത്തെ പോലീസ്‌ നിയോഗിച്ചിരുന്നു. സംഘം റിപ്പോര്‍ട്ട്‌ പഠിച്ചശേഷമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്ന്‌ കാണിച്ച്‌ കഴിഞ്ഞ ദിവസം മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ രംഗത്ത്‌ വന്നിരുന്നു. ഏകദിന ഉപവാസത്തിനു ആഹ്വാനം ചെയ്‌തിരുന്നെങ്കിലൂം പുതിയ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്ന്‌ പിന്‍വലിച്ചു.