06:50 pm 26/5/2017
ന്യൂഡൽഹി: കൃഷിക്കാർക്കു മാത്രമേ ഇനി കന്നുകാലികളെ കൈമാറ്റം ചെയ്യാവൂ എന്നാണ് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. പശുവിന് പുറമേ കാള, എരുമ, പോത്ത്, ഒട്ടകം തുടങ്ങി ഇറച്ചികൾക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെയും വിജ്ഞാപനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കായി മൃഗങ്ങളെ ബലികഴിക്കുന്നതും വിജ്ഞാപനത്തിലൂടെ വിലക്കിയിട്ടുണ്ട്. വനംപരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമൊഴിച്ചു മിക്കയിടങ്ങളിലും ഗോവധം നിരോധനം നിലവിൽ നടപ്പിലാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആക്ട് 1960 പ്രകാരം വിജ്ഞാപനം ഇറക്കിയത്. ഇതനുസരിച്ചു കന്നുകാലിയെ വാങ്ങുന്നയാൾ കൃഷിക്കാരനാണെന്നു തെളിയിക്കണം. കാർഷികാവശ്യത്തിനാണു വാങ്ങുന്നതെന്നും കൊല്ലാനല്ലെന്നും സത്യവാങ്മൂലം നൽകണം. ആറുമാസത്തിനകം മറിച്ചുവിൽക്കാൻ പാടില്ല. തീരെ പ്രായം കുറഞ്ഞതോ ആരോഗ്യമില്ലാത്തതോ ആയ കാലികളെ വിൽക്കാൻ പാടില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര അതിർത്തിയുടെ 50 കിലോ മീറ്ററിനുള്ളിലോ സംസ്ഥാന അതിർത്തിയുടെ 25 കിലോമീറ്ററിനുള്ളിലോ കാലിച്ചന്ത സ്ഥാപിക്കാൻ പാടില്ല. സംസ്ഥാനത്തിനു പുറത്തേക്ക് കന്നുകാലിയെ കൊണ്ടുപോകാൻ പെർമിറ്റ് വാങ്ങണം. സംസ്ഥാന സർക്കാർ അതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണു പെർമിറ്റ് നൽകേണ്ടത്.