കശ്​മീരിൽ സ്​കുൾ​ അജ്ഞാതർ തീവെച്ചു

04:07 PM 25/10/2016
download (5)
ശ്രീനഗർ: കശ്​മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന്​ സ്​കൂൾ കെട്ടിടങ്ങൾക്ക്​ അജ്ഞാതർ തീവെച്ചു. ഇതോടു കൂടി കശ്​മീരിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നുറാബാഗിലുള്ള സർക്കാർ സ്​കൂളിനാണ് അജ്ഞാതർ തീവെച്ചത്​.

തീയണക്കാനുള്ള അഗ്നിശമനസേനയുടെ ശ്രമത്തിനിടെ സ്​കൂൾ ​െകട്ടിടത്തിന്​ സാരമായ കേടുപാടുകൾ സംഭവിച്ചു.​ അനന്തനാഗ്​ ജില്ലയിലുള്ള മറ്റൊരു സ്​കൂളിന്​ അജ്ഞാതർ ചൊവ്വാഴ്ച തീവെച്ചിരുന്നു. എന്നാൽ, അഗ്നിശമനസേനയുടെ സംയോജിതമായ ഇടപെടൽ അനിഷ്​ട സംഭവങ്ങൾ ഒഴിവാക്കി. ബന്ദിപുര ജില്ലയിലുള്ള മിഡിൽ സ്കൂളിലും അജ്ഞാതർ ചൊവ്വാഴ്ച തീവെച്ചതായി പൊലീസ്​ അധികാരികൾ പറഞ്ഞു. ഒരിടത്തും ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇല്ല.

എന്നാൽ, സ്​കൂളുകളിലെ വാർഷിക പരീക്ഷകൾ അടുത്ത മാസം തന്നെ നടത്തുമെന്ന്​ സർക്കാർ അറിയിച്ചു. ഹിസ്​ബുൾ മുജാഹിദീൻ കമാ​ൻഡോ ബുർഹാൻ വാനിയുടെ വധത്തെ തുടർന്നുണ്ടായ പ്രശ്​നങ്ങളുടെ പശ്​ചാത്തലത്തിൽ കശ്​മീരിലെ സ്​കുളുകൾ ജൂലൈ​ മുതൽ അടഞ്ഞു കിടക്കുകയാണ്​.

അതേസമയം, നവംബറിൽ തന്നെ വാർഷിക പരീക്ഷ നടത്താനുള്ള ജമ്മു കശ്മീർ സർക്കാർ തീരുമാനത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന്​ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.