കാനഡയിലെ മുസ്​ലിം പള്ളിയിലെ വെടിവെപ്പ്​: കാനഡയിൽ ഫ്രഞ്ച്​ വംശജനായ വിദ്യാർഥി പിടിയിൽ

12:21 pm 31/01/2017
alexandre bissonnette
ക്യൂബെക്​ സിറ്റി: കാനഡയിലെ ക്യൂബക്​സിറ്റിയിൽ മുസ്​ലിം പള്ളിയിൽ വെടിവെപ്പ്​ നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്​റ്റിലായ ഒരാൾക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് ​വംശജനായ കനേഡിയൻ വിദ്യാർഥി അലക്​സാന്ദ്രെ ബിസോനെത്തെക്കെതിരായാണ്​ കനേഡിയൻ പൊലീസ്​ കുറ്റം ചുമത്തിയത്​. കഴിഞ്ഞ ദിവസം അറസ്​റ്റിലായ മൊറോക്കൻ വംശജനായ മുഹമ്മദ്​ ഖാദിർ സംഭവത്തിന്​ സാക്ഷിയാണെന്നും പൊലീസ്​ അറിയിച്ചു.

വെടിവെപ്പ്​ നടന്ന മുസ്​ലിം പള്ളിക്ക്​ മൂന്ന്​ കിലോമീറ്റർ അകലെയുള്ള ലാവൽ സർവകാലാശാലയിലെ പൊളിറ്റിക്കൽ സയൻസ്​ വിദ്യാർഥിയാണ്​ അലക്​സാന്ദ്രെയെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. തീവ്രവലതുപക്ഷ നിലപാടുകാരനാണ്​ ഇദ്ദേഹമെന്നും സാമൂഹിക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

ഞായാറാഴ്​ച സായാഹ്​ന പ്രാർഥനക്ക്​ പള്ളിയിൽ 50 ഒാളം പേർ ഒത്തുകൂടിയ സമയത്താണ്​ വെടിവെപ്പ്​ നടന്നത്​. കൊല്ലപ്പെട്ട ആറു പേരുടെ വിവരങ്ങൾ ക്യൂബക്​ പ്രവിശ്യാ ​പൊലീസ്​ പുറത്തുവിട്ടു. പരിക്കേറ്റ 19 പേരിൽ രണ്ട്​ പേരുടെ നില ഗുരുതരമാണ്​.