കാരായി രാജന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

04:15pm 06/02/2016
images (2)

കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജി. അതേസമയം കേസിലെ മറ്റൊരു പ്രതിയായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ അധ്യക്ഷ സ്ഥാനത്ത് തുടരും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റാണ് രാജന്റെ രാജിക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഒരു ദിവസം ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ച കാരായി രാജന്‍ യോഗത്തില്‍ എത്തി രാജിക്കത്ത് കൈമാറുകയായിരുന്നു.

കാരായി ചന്ദ്രശേഖരന്റെ രാജിക്കാര്യത്തില്‍ പിന്നീടായിരിക്കും തീരുമാനമുണ്ടാവുക. ഇക്കാര്യത്തില്‍ തലശ്ശേരി ഏരിയ കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

കേസില്‍ പ്രതികളായ ഇവര്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷരായിരിക്കുന്നതില്‍ പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടി വൃത്തങ്ങളില്‍ ‘നിരപരാധി’ എന്ന നിലയിലാണ് കൊലക്കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കും വീരപരിവേഷം നല്‍കാന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത്. ജനങ്ങളുടെ കോടതിയില്‍ അവര്‍ വിജയിച്ചെന്ന് വരുത്താനും പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കഴിഞ്ഞു.

എന്നാല്‍, ഭരണ നേതൃത്വത്തില്‍ രണ്ടുപേരെയും ചുമതല ഏല്‍പ്പിക്കാനുള്ള ആലോചന വന്നപ്പോള്‍തന്നെ പാര്‍ട്ടിയില്‍ എതിര്‍പ്പുയര്‍ന്നു. ഇപ്പോള്‍ ജില്ലയില്‍ പ്രവേശാനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ഈ എതിര്‍പ്പ് കൂടുകയായിരുന്നു.