കാലുമാറി’ ചെയ്യത ശസ്ത്രക്രിയ: ഡല്‍ഹിയില്‍ അഞ്ച് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

04:02pm 23/6/2016
download (1)

ന്യൂഡല്‍ഹി വലതുകാലിനു പകരം ഇടതുകാല്‍ ശസ്ത്രക്രിയ ചെയ്ത അഞ്ച് ഡോക്ടര്‍മാരുള്‍പ്പെടെ ആറു ജീവനക്കാരെ ഫോര്‍ട്ടിസ് ആശുപത്രി പിരിച്ചുവിട്ടു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രവി റായ്‌യുടെ (24) പരാതിയിലാണ് നടപടി. യാതൊരു കുഴപ്പവുമില്ലാത്ത ഇടതു കാലിന്റെ കണ്ണയിലായിരുന്നു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തത്.

വീടിന്റെ പടിയിറങ്ങുന്നതിനിടെ താഴെ വീണാണ് രവിയുടെ വലതുകാലിന്റെ കണ്ണയ്ക്കു പരുക്കേറ്റത്. ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിയ രവിയെ പരിശോധനകള്‍ക്കുശേഷം ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷം പുറത്തെത്തിച്ചപ്പോഴാണ് പരുക്കേറ്റ വലതുകാലിനുപകരം ഇടതുകാലില്‍ തുന്നിക്കെട്ട് കണ്ടതെന്ന് പിതാവ് റാം കരണ്‍ പറഞ്ഞു.

ഡോക്ടര്‍മാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിച്ചുകളഞ്ഞെന്നും റാം കരണ്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തി ആരോഗ്യമുള്ള കാലില്‍ ഇട്ട സ്‌ക്രൂവുകള്‍ മാറ്റി പരുക്കേറ്റ കാലില്‍ ഘടിപ്പിക്കാമെന്നും ഇതു ചെറിയ കാര്യമാണെന്നുമായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന് രവി റായ്‌യെ മികച്ച ചികില്‍സയ്ക്കായി ഷാലിമാര്‍ ബാഗില്‍ തന്നെയുള്ള മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശസ്ത്രക്രിയയില്‍ അബദ്ധം പറ്റിയയുടനെ വിദഗ്ധ സമിതിയെവച്ച് അന്വേഷിച്ചെന്നും ഡോക്ടര്‍മാരുടെ പിഴവാണെന്നു കണ്ടെത്തിയെന്നും ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി