കാവേരി: കേരള ആര്‍.ടി.സി ഇന്നത്തെ സര്‍വിസുകള്‍ റദ്ദാക്കി

04:37 AM 20/09/2016

images (2)
ബംഗളൂരു: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും നാട്ടില്‍നിന്ന് ബംഗളൂരുവിലേക്കുമുള്ള ചൊവ്വാഴ്ചത്തെ എല്ലാ സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കി. പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നത്. ഈ ദിവസത്തേക്കുള്ള മുന്‍കൂര്‍ ബുക്കിങ് അധികൃതര്‍ കഴിഞ്ഞയാഴ്ച നിര്‍ത്തിവച്ചിരുന്നു. തിങ്കളാഴ്ച രാത്രി 11.55നാണ് നാട്ടിലേക്കുള്ള അവസാന ബസ് പുറപ്പെട്ടത്.
കോഴിക്കോട്ടുനിന്ന് തിങ്കളാഴ്ച ഉച്ചക്ക് 1.30നുള്ള ബസാണ് ബംഗളൂരുവിലേക്ക് അവസാനമായി വന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ബുധനാഴ്ച സര്‍വിസ് നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സര്‍വിസ് നടത്തുമെന്ന് കര്‍ണാടക ആര്‍.ടി.സിയും സ്വകാര്യ ബസ് ഓപറേറ്റര്‍മാരും അറിയിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള കര്‍ണാടക ആര്‍.ടി.സിയുടെയും തമിഴ്നാട് കോര്‍പറേഷന്‍െറയും ബസ് സര്‍വിസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പൂര്‍ണമായും മുടങ്ങിക്കിടക്കുകയാണ്. കര്‍ണാടക രജിസ്ട്രേഷനുള്ള സ്വകാര്യ ബസുകളെയൊന്നും പൊലീസ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ല. ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഇന്ന് പൂര്‍ണമായും ഗതാഗതം മുടങ്ങും. സേലം വഴിയുള്ള സര്‍വിസുകള്‍ കഴിഞ്ഞദിവസമാണ് കേരള ആര്‍.ടി.സി പുനഃരാരംഭിച്ചത്.