കാവേരി സംഘര്‍ഷം; ബംഗളുരുവില്‍ കർഫ്യൂ തുരുന്നു,

11:38 am 13/9/2016
images (3)

കാവേരി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച അടിയന്തരയോഗം ഇന്ന് ചേരും. കാവേരി പ്രശ്നത്തില്‍ കര്‍ണാടകത്തില്‍ വ്യാപക അക്രമം നടന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരം ചര്‍ച്ചയാകും. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുറപ്പെട്ടിട്ടുണ്ട്. അതേസമയം പകല്‍ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നില്ല.
ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്ത് റെയില്‍വെ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 11:15നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ വൈകിട്ട് അറരയ്‌ക്കും പുറപ്പെടും. ഇന്നലെ ബംഗളുരു സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ കുടുങ്ങിക്കിടന്നവരെയാണ് അഞ്ച് ബസുകളിലായി രാത്രി മംഗലാപുരം വഴി കാസര്‍ഗോഡേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. രാത്രി 12 മണിയോടെയാണ് ഈ ബസുകള്‍ പുറപ്പെട്ടത്. തകരാറിലായതിനാല്‍ സ്റ്റാന്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബസ് ബസ്റ്റാന്റിനുള്ളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കല്ലേറുണ്ടാവുകയും ബസിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ചെയ്തു. ഇതോടെയാണ് മതിയായ സുരക്ഷ ലഭിക്കാതെ പകല്‍ സമയത്ത് സര്‍വ്വീസുകള്‍ നടത്തേണ്ടതില്ലെന്ന് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്.
ഇതോടെ പകല്‍ സമയത്ത് യാത്ര ചെയ്യാന്‍ ട്രെയിന്‍ മാത്രമായിരിക്കും മലയാളികള്‍ക്ക് ആശ്രയം. എന്നാല്‍ ഇന്നലത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സിറ്റി ബസ് സര്‍വ്വീസും മെട്രോ സര്‍വ്വീസും ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്. ബംഗളുരു നഗരത്തില്‍ നിരോധനാജ്ഞയും ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂവും തുടരുകയാണ്. ഇന്നലെ രാത്രിക്ക് ശേഷം മറ്റ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബക്രീദിന്റെ സര്‍ക്കാര്‍ അവധികൂടി ആയതിനാല്‍ ഇന്ന് പൊതുവെ ആളൊഴിഞ്ഞ അവസ്ഥയിലാണ് നഗരം.