08:35 am 6/5/2017

സിയൂൾ: അമേരിക്കയുടെ രഹസ്യാന്വേഷണവിഭാഗമായ സിഐഎ ദക്ഷിണകൊറിയയുമായി ചേർന്ന് തങ്ങളുടെ നേതാവ് കിം ജോംഗ് ഉന്നിനെ ജൈവരാസായുധം ഉപയോഗിച്ചു വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഉത്തരകൊറിയ ആരോപിച്ചു. കൊറിയൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെയാണ് ആരോപണം. ഉത്തരകൊറിയയുടെ പരമാധികാരിയെ ആക്രമിക്കാനുള്ള പേടിത്തൊണ്ടന്മാരായ ഭീകരരുടെ ക്രൂരമായ പദ്ധതി പരാജയപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
സിഐഎയും ദക്ഷിണകൊറിയൻ രഹസ്യാന്വേഷണവിഭാഗവും കിം എന്ന് അറിയപ്പെടുന്ന ഒരു ഉത്തരകൊറിയൻ പൗരനെ കോഴനൽകിയും ഭീഷണിപ്പെടുത്തിയും വശത്താക്കിയതായി തെളിഞ്ഞു.ഗൂഢാലോചനയുമായി സഹകരിച്ച മറ്റുള്ളവരെയും കണ്ടെത്തി തകർക്കുമെന്ന് ഔദ്യോഗിക വാർത്താ മാധ്യമമായ കൊറിയ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) പ്രസ്താവനയിൽ അറിയിച്ചു.
കിം ജോംഗിന്റെ പിതാവും മുത്തച്ഛനും അന്ത്യവിശ്രമം കൊള്ളുന്ന സ്മാരകത്തിൽ വച്ചോ, സൈനികപരേഡിനിടയിലോ ആക്രമണം നടത്താനായിരുന്നു സിഐഎയുടെ നീക്കമെന്നാണ് ഉത്തരകൊറിയ പറയുന്നത്. എന്നാൽ ഇതു നടപ്പാക്കുക അതീവദുഷ്കരമാണ്. കാരണം മുഴുവൻ സമയവും കനത്ത സുരക്ഷാവലയത്തിലാണ് പ്രസിഡന്റ് കിംജോംഗ് ഉൻ. സ്വന്തം ജനതയെയും വലിയ തോതിൽ നിരീക്ഷിക്കുന്ന ഭരണകൂടമാണ് ഉത്തരകൊറിയയിലേത്.
അണുവികരണമുള്ള, നാനോ ടെക്നോളജി ഉപയോഗിച്ചു നിർമിച്ച വിഷമാണ് കിം എന്ന ഏജന്റിനു സിഐഎ കൈമാറിയതത്രേ. പ്രയോഗിച്ചാൽ ആറു മാസം മുതൽ ഒരുവർഷംവരെയുള്ള സമയത്തിനുള്ളിലായിരിക്കും ഫലം. കുറഞ്ഞത് 740,000 യുഎസ് ഡോളർ ഇതിനായി കിം പ്രതിഫലം പറ്റിയിട്ടുണ്ട്. ഉപഗ്രഹഫോൺ ഉൾപ്പെടെ സങ്കീർണസംവിധാനങ്ങളും സിഐഎ ഇയാൾക്കു കൈമാറിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.ബാലിസ്റ്റിക് മിസൈൽ, ആണവ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയുമായി യുഎസ് ഇടയുകയും ഇരുരാജ്യങ്ങളും പരസ്പരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് സിഐഎയ്ക്ക് എതിരേ ആരോപണവുമായി ഉത്തരകൊറിയ രംഗത്തെത്തിയത്.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി ഉത്തരകൊറിയയെ വീണ്ടും മുദ്രകുത്തുന്ന കാര്യം യുഎസ് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണു കിമ്മുമായി തെറ്റിപ്പിരിഞ്ഞ അർധസഹോദരൻ കിം ജോംഗ് നാമിനെ മലേഷ്യയിലെ ക്വാലാലംപുർ വിമാനത്താവളത്തിൽവച്ച് രണ്ട് സ്ത്രീകൾ മയക്കുമരുന്നു കുത്തിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് ദക്ഷിണകൊറിയയും മലേഷ്യയും ആരോപിച്ചിരുന്നു. അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നിലെന്ന് ഉത്തരകൊറിയ വിശദീകരിച്ചു.
