കുട്ടിക്രിക്കറ്റിൽ ഇന്ത്യയെ തറപ്പറ്റിച്ച് ഇംഗ്ലണ്ട്

12.32 AM 27/01/2017
morgann_2501
കാണ്‍പൂർ: ട്വന്‍റി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ഏഴു വിക്കറ്റ് തറപ്പറ്റിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 18.1 ഓവറിൽ ലക്ഷ്യത്തിൽ എത്തി. അർധ സെഞ്ചുറി നേടിയ നായകൻ ഇയോണ്‍ മോർഗനും ജോ റൂട്ടുമാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.

ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 42 റണ്‍സ് കൂട്ടിച്ചേർത്ത ശേഷം ജേസണ്‍ റോയ്(19) ആദ്യം മടങ്ങി. അതേ ഓവറിൽ സാം ബില്ലിംഗ്സിനെയും(22) ചാഹൽ മടക്കിയതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാൽ ക്രീസിൽ റൂട്ടും(46) മോർഗനും(38 പന്തിൽ 51) ഒത്തുച്ചേർന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു.

നേരത്തെ, ധോണിയുടേയും റെയ്നയുടേയും കോഹ്ലിയുടേയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. അഞ്ചാമനായി ഇറങ്ങിയ എം.എസ്. ധോണി(27 പന്തിൽ 36) ആണ് ടോപ് സ്കോറർ. സുരേഷ് റെയ്ന 23 പന്തിൽ 34 റണ്‍സും വിരാട് കോഹ്ലി 26 പന്തിൽ 29 റണ്‍സും എടുത്തപ്പോൾ ബാക്കിയുള്ളവർ നിരാശപ്പെടുത്തി. ലോകേഷ് രാഹുൽ(8), യുവരാജ്(12), മനീഷ് പാണ്ഡെ(3), ഹർദിക് പാണ്ഡ്യ(9) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.