12:30 pm 25/3/2017
കൊല്ലം: കുണ്ടറയില്‍ 14 വയസുകാരന്‍ ഏഴ് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തിലുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 2010ല്‍ നടന്ന സംഭവത്തില്‍ കാര്യമായി അന്വേഷണം നടത്താതെ അന്ന് കേസ് അവസാനിപ്പി ഉദ്ദ്യോഗസ്ഥനാണ് ഇപ്പോള്‍ കൊട്ടാരക്കര ഡി.വൈ.എസ്.പി സ്ഥാനത്തുള്ളത്. ഇദ്ദേഹത്തോട് തന്നെയാണ് കേസിലെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ കാര്യമായ ഒരു വിവരവും ഉള്‍പ്പെടുത്താതെയാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയത്. കേസ് പുനരന്വേഷിക്കേണ്ട സാഹചര്യം സംബന്ധിച്ച് ഒരു വിവരവും റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് സ്വീകരിക്കാതെ കൊല്ലം എസ്.പി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഡി.ജി.പി ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ച് സംഘം ഇന്നോ നാളയോ തന്നെ കേസ് അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന. 2010ല്‍ തൂങ്ങി മരിച്ച നിലയിലാണ് 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുട്ടിയുടെ അമ്മയും സഹോദരിയും അന്നു തന്നെ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണം ഒന്നും നടന്നില്ല. തുടര്‍ന്ന് കുണ്ടറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മുത്തച്ഛന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായതിന് പിന്നാലെയാണ് 14കാരന്റെ അമ്മ വീണ്ടും കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.