07:17 pm 17/5/2017
ഹേഗ്: ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെ അന്തിമ വിധി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ തിങ്കളാഴ്ച കോടതി രണ്ടു രാജ്യങ്ങളുടെയും വാദം കേട്ടിരുന്നു. ഇരുരാജ്യങ്ങൾക്കും 90 മിനിറ്റ് വീതമാണ് വാദങ്ങൾ ഉന്നയിക്കാൻ സമയം നൽകിയത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദം അവസാനിക്കും മുന്പേ ഇന്ത്യൻ പൗരനായ കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ തൂക്കിലേറ്റുമെന്ന് ആശങ്കയുണ്ടെന്ന് വാദത്തിനിടെ ഇന്ത്യ അറിയിച്ചു. ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അടിയന്തരമായി സസ്പൻഡ് ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, കുൽഭൂഷൻ കേസ് യുഎൻ കോടതിയിൽ എത്തിച്ചതിനു പിന്നിൽ ഇന്ത്യക്കു ഗൂഢലക്ഷ്യങ്ങളുണ്ടെന്നു പാക്കിസ്ഥാൻ ആരോപിച്ചു.
കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് 46കാരനായ മുൻ നാവികസേനാ ഉദ്യോഗസ്ഥനെ ചാരവൃത്തിക്കുറ്റം ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. പട്ടാളകോടതിയിലെ വിചാരണയ്ക്കുശേഷം വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരേ അന്താരാഷ്ട്ര കോടതിയിൽ നൽകിയ അപ്പീലിൽ വാദം ഉന്നയിക്കവേയാണു ഇന്ത്യയുടെ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ആശങ്കകൾ ഉന്നയിച്ചത്. കഴിഞ്ഞയാഴ്ച ഇന്ത്യ സമർപ്പിച്ച ഹർജിയെത്തുടർന്ന് വധശിക്ഷ രാജ്യാന്തരകോടതി സ്റ്റേ ചെയ്തിരുന്നു.