07:04 am 19/5/2017
ദ ഹേഗ് (ആംസ്റ്റർഡാം): ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന ജാദവിനു നിയമനയതന്ത്ര സഹായങ്ങൾ അനുവദിക്കണമെന്നും അന്തിമവിധിയുണ്ടാകുംവരെ ശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ ഉറപ്പുവരുത്തണമെന്നും അന്താരാഷ്ട്ര കോടതി പ്രസിഡന്റ് റോണി ഏബ്രഹാമിന്റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചിന്റെ വിധിന്യായത്തിൽ പറയുന്നു. ഇന്ത്യപാക് ബന്ധത്തിൽ വഴിത്തിരിവുകൾ സൃഷ്ടിക്കുന്ന വിധി രാജ്യാന്തരതലത്തിൽ പാക്കിസ്ഥാനു കനത്ത തിരിച്ചടിയാണ്. ജാദവിനെതിരായ ഉറച്ച തെളിവുകൾ അന്താരാഷ്ട്ര കോടതിയിൽ ഹാ ജരാക്കുമെന്നു വി ധിക്കുശേഷം പാ ക്കിസ്ഥാൻ പറ ഞ്ഞു.
ചാരവൃത്തിക്കുറ്റത്തിന് അറസ്റ്റിലായവർക്കു നയതന്ത്രസഹായം അനുവദിക്കാനാവില്ല എന്ന പാക്കിസ്ഥാന്റെ വാദം അന്താരാഷ്ട്രകോടതി അംഗീകരിച്ചില്ല. ഇന്ത്യയുടെയും, അറസ്റ്റിലായ കുൽഭൂഷൺ ജാദവിന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. പാക്കിസ്ഥാനിലെ സ്വതന്ത്ര കോടതിയിൽ പുനർവിചാരണ നടത്തണമെന്നു പറഞ്ഞ അന്താരാഷ്ട്രകോടതി, അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
രാജ്യാന്തര കോടതി അധികാരപരിധി ലംഘിച്ചുവെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. പാക്കിസ്ഥാനുമായുള്ള തർക്കങ്ങൾ രാജ്യാന്തര കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നു മുന്പ് ഇന്ത്യ പറഞ്ഞിരുന്നു. ഇപ്പോഴത്തെ നിലപാട് ഇതിനെതിരാണെന്നും പാക്കിസ്ഥാനുവേണ്ടി ഖവാർ ഖുറേഷി വാദിച്ചുവെങ്കിലും കോടതി അതു കണക്കിലെടുത്തില്ല. നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ കുൽഭൂഷൺ സുധീർ ജാദവിനെ 2016 മാർച്ചിലാണു പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തത്. പാക് പട്ടാളകോടതിയുടെ വധശിക്ഷയ്ക്കെതിരേ കഴിഞ്ഞ എട്ടിനാണ് ഇന്ത്യ രാജ്യാന്തര കോടതിയിലെത്തിയത്.
രാജ്യാന്തര കോടതിയുടെ നിരീക്ഷണങ്ങൾ
കുൽഭൂഷൺ ജാദവ് ഇന്ത്യൻ പൗരനാണെന്ന് ഇന്ത്യയും പാക്കിസ്ഥാനും അംഗീകരിക്കുന്നു.
ജാദവിന്റെ അറസ്റ്റിലേക്കു നയിച്ച സാഹചര്യങ്ങൾ തർക്കവിഷയമാണ്.
വിയന്ന കൺവൻഷൻ പ്രകാരം ജാദവിനു നയതന്ത്ര സഹായം നൽകാനുള്ള അവകാശം ഇന്ത്യക്കുണ്ട്.
കേസിൽ ഇടപെടാൻ രാജ്യാന്തര കോടതിക്ക് അധികാരമുണ്ടെന്നു പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നു.
കേസ് രാജ്യാന്തര കോടതിയുടെ പരിധിയിൽ വരുന്ന തല്ലെന്ന പാക്കിസ്ഥാന്റെ വാദവും വിയന്ന കരാർ പാലിക്കേണ്ടതില്ലെന്ന വാദവും അടിസ്ഥാനരഹിതം.