കൂടത്തിനാലില്‍ കുടുംബയോഗം നടത്തി

08:35 pm 28/3/2017

– ജീമോന്‍ റാന്നി
Newsimg1_88249524
ഹൂസ്റ്റണ്‍: അമേരിക്കയില്‍ സ്ഥിര താമസമാക്കിയ റാന്നി കളമ്പാല കൂടത്തിനാലില്‍ കുടുംബത്തില്‍ അംഗങ്ങളുടെ ആറാമത് ഒത്തുചേരല്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. പ്രകൃതി രമണീയത തുളുമ്പി നില്ക്കുന്ന ടെക്‌സാസിലെ പലസ്തീനിലുള്ള ലെയ്ക്ക് വ്യൂ യൂണൈറ്റഡ് മെതഡിസ്റ്റ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ചായിരുന്നു ഈ വര്‍ഷത്തെ കുടുംബ സംഗമം.

മാര്‍ച്ച് 10 മുതല്‍ 12 വരെയായിരുന്നു കുടുംബ സംഗമം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഡാലസിലോ ഹൂസ്റ്റണിലോ സമീപ പ്രദേശങ്ങളിലോ ഒത്തു ചേരുന്ന അമേരിക്കയിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഈ ഒത്തുചേരല്‍ വ്യത്യസ്തത പകര്‍ന്നുവെന്ന് കുടുംബാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 80 ലധികം പേര്‍ പങ്കെടുത്ത കുടുംബയോഗത്തില്‍ വിവിധ കലാകായിക പരിപാടികളും ഒരുക്കിയിരുന്നു. ശനിയാഴ്ച നടന്ന ടാലന്റ് നൈറ്റ് ചെണ്ടമേളം, മാര്‍ഗ്ഗംകളി, സ്കിറ്റുകള്‍ എന്നിവയാല്‍ സമ്പന്നമായിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ചാപ്പലില്‍ പ്രത്യേക ആരാധനയും ക്രമീകരിച്ചു.

ജോര്‍ജ് മാത്യു എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ബിസിനസ് സെഷനില്‍ ജോണ്‍ തോമസ്, ജോണ്‍ ഏബ്രഹാം, മേരി ജോണ്‍, ജോണ്‍ ജോസഫ് തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ആറാട്ടുപുഴ വല്യാനേത്ത് മഹാകുടുംബത്തിന്റെ പ്രധാന ശാഖയാണ് കൂടത്തിനാലില്‍ കുടുംബം.

റജി ജേക്കബ്, മാത്യു ജേക്കബ് (കൊച്ചുമോന്‍), ഷിബു ടി. ജോര്‍ജ്, മിന്നി ഏബ്രഹാം, ബിന്ദു, എഡിസണ്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മോനു ഡാലസ് നന്ദി പ്രകാശിപ്പിച്ചു.