07:44 am 21/4/2017
മുംബൈ: മോഹൻലാലിനെതിരെ ആക്ഷേപശരങ്ങളുതിർത്ത ഹിന്ദി നടനും സിനിമാ നിരൂപകനുമായ കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാന് ‘മല്ലു സൈബർ സോൾജിയേഴ്സി’െൻറ വമ്പൻ തിരിച്ചടി. കെ.ആർ.കെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ‘മല്ലു സൈബർ സോൾജിയേഴ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗൂഗ്ൾ അക്കൗണ്ടും ഇ-മെയിൽ വിലാസവും ഹാക്കർമാർ സ്വന്തമാക്കി. യൂട്യൂബിലൂടെ പരസ്യ വരുമാനം കിട്ടുന്ന അക്കൗണ്ടും പൂട്ടിച്ചു. കഴിഞ്ഞദിവസം മോഹൻലാൽ ആരാധകരുടെ കടുത്ത തെറിവിളി കേട്ട കെ.ആർ.കെ വ്യാഴാഴ്ചയും അടങ്ങിയിരുന്നില്ല. ഒരു സിനിമയിലെ മോഹൻലാലിെൻറ ഫോട്ടോ ഷെയർ ചെയ്താണ് വീണ്ടും കോമാളിയെന്ന് വിളിച്ചത്. മോഹൻലാല്‍ ഭീമനാകരുതെന്നും ഈ കോമാളി ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.
ബാഹുബലി താരം പ്രഭാസ് ആണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനെന്നും കൃഷ്ണനായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേർത്തു. താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്പര്യം ഉണ്ടെന്നുമായിരുന്നു ട്വീറ്റ്. എം.ടി. വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷമാണ് കെ.ആര്.കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്.