കെ.എം എബ്രഹാം ഐ.എ.എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

06:10 pm 30/10/2016

images

ആലപ്പുഴ: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിനു വിധേയനായ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഐ.എ.എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഏബ്രഹാമിന്‍റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധന വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പിന്തുണയുമായി ധനമന്ത്രി രംഗത്തെത്തിയത്.

അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് ഏബ്രഹാം. സഹാറ കേസിലെ അദ്ദേഹത്തിന്‍റെ നിലപാട് അതിനു തെളിവാണ്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തും കേന്ദ്രസർക്കാറിന് കീഴിലും അദ്ദേഹം അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും ഐസക്ക് പറഞ്ഞു.

വിജിലൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി പറയുമെന്ന്​ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. മുൻ സർക്കാറിന്‍റെ കാലത്തു നടന്ന അഴിമതികൾക്ക് ഉത്തരവാദികൾ ഉദ്യോഗസ്ഥരല്ല, അന്നത്തെ സർക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, താറാവ് കർഷകർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു തിങ്കളാഴ്ച സർക്കാർ ഉത്തരവ് ഇറങ്ങുമെന്നു മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നഷ്ടപരിഹാരത്തുക നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.