കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി.

09:40 AM 01/07/2016
download
തിരുവനന്തപുരം: ഉദ്ദേശിച്ചവിധം കടം കിട്ടാതായതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം മുടങ്ങിജൂണിലെ ശമ്പളം അവസാന പ്രവൃത്തിദിവസമായ വ്യാഴാഴ്ചയാണ് നല്‍കേണ്ടിയിരുന്നത്. വായ്പ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
61 കോടി രൂപയാണ് ശമ്പളത്തിന് വേണ്ടത്. ഇതിനായി കെ.ടി.ഡി.എഫ്.സി ഉള്‍പ്പെടെ ധനകാര്യസ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥിരമായി വായ്പ നല്‍കുന്ന ബാങ്കുകളും കൈമലര്‍ത്തിയതോടെയാണ് 30ന് ശമ്പളം നല്‍കാനുള്ള നീക്കം പാളിയത്. സഹകരണ ബാങ്കുകള്‍ക്കടക്കം ധനകാര്യസ്ഥാപനങ്ങള്‍ക്ക് തിരിച്ചടക്കാനുള്ള കടം ഇതിനോടകം 2500 കോടി കവിഞ്ഞു. പ്രതിമാസം വരവും ചെലവും തമ്മിലെ വ്യത്യാസം 110 കോടിയാണ്. പെന്‍ഷന്‍ വിതരണത്തിന് മാസം 52.5 കോടി രൂപയാണ് വേണ്ടത്. ഇന്ധനചെലവിനും വായ്പാതിരിച്ചടവിനും വരുമാനം തികയില്ല.

പെന്‍ഷന്‍, ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാന്‍ കടം വാങ്ങലല്ലാതെ മറ്റ് മാര്‍ഗമില്ല. കഴിഞ്ഞ എട്ട് മാസമായി വായ്പയിലാണ് ശമ്പളം നല്‍കിയിരുന്നത്. 80,000 അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം അഞ്ചുകോടി രൂപയായിരുന്നു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഒരു രൂപ കുറച്ചതോടെ വരുമാനം വീണ്ടും കുറഞ്ഞു. പ്രതിദിനവരുമാനം ഏഴ് കോടിയായി ഉയര്‍ത്തുന്നതിന് ആലോചനകളുണ്ടായെങ്കിലും ഒന്നും നടന്നില്ല.