കേന്ദ്രം കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി

07:44pm 29/2/2016
download (2)

തിരുവനന്തപുരം: കേരളത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ കാര്‍ഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകര്‍ച്ച നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. റബര്‍ ബോര്‍ഡിന്റെ ബജറ്റ് വിഹിതം കുറക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ എയിംസിനായി ഭൂമി കണ്ടത്തെുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തെങ്കിലും ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും ഇല്ലാതാക്കി. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കാനും കേന്ദ്രം തയാറായില്ല. വയനാട്ടിലെ ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ കേന്ദ്രപദ്ധതികള്‍ക്കുമുള്ള വിഹിതത്തില്‍ ഗണ്യമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.