കേരളത്തിലെ നഗരങ്ങളില്‍ ഇനി ഐഡിയ 4ജി സാന്നിധ്യം

03:56pm 15/5/2016

56a3b87b0e04c
കൊച്ചി: ഐഡിയ സെല്ലുലാര്‍ 4ജി സേവനം കേരളത്തില്‍ 90 നഗരങ്ങളില്‍ കൂടി വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ നൂറില്‍ അധികം കേന്ദ്രങ്ങളില്‍ 4ജി സേവനം ലഭ്യമാണെന്നു കമ്പനി വ്യക്തമാക്കി. ഐഡിയയുടെ 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരണം അതിവേഗത്തില്‍ ആയിരുന്നുവെന്നും 100 പ്രധാന കേന്ദ്രങ്ങളിലേക്ക് 100 ദിവസത്തിനുള്ളില്‍ നെറ്റ്‌വര്‍ക്ക് എത്തിക്കാന്‍ സാധിച്ചെന്നും ഐഡിയ സെല്ലുലാറിന്റെ കേരള ഘടകം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു.
എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 4ജി സേവനം ലഭ്യമാക്കിയിരുന്നു. ഇതിനു പുറമേ 14 ജില്ലകളിലായി 53 ശതമാനം ജനങ്ങളിലേക്കാണ് ഐഡിയയുടെ സാന്നിധ്യം എത്തിച്ചിരിക്കുന്നത്. കൂടുതല്‍ ഉപഭോക്താക്കള്‍ ഐഡിയ 4ജി യില്‍ എത്തുന്നതനുസരിച്ചു നെറ്റ്‌വര്‍ക്ക് വിപുലമാക്കും.
ലോകനിലവാരത്തിലുള്ള മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യവും മികച്ച സേവനങ്ങളും പുതിയ ഓഫറുകളും താരിഫ് പ്ലാനുകളും ഒരുക്കി കേരളത്തില്‍ മികച്ച സേവനം ലഭ്യമാക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഐഡിയ ഉപഭോക്താക്കള്‍ക്കു സൗജന്യമായി 4ജി സിമ്മിലേക്കു മാറാന്‍ കേരളത്തില്‍ 700ലധികം ഷോറൂമുകളില്‍ സൗകര്യമുണ്ട്.