10:09 am 15/6/2017
കോട്ടയം: സംസ്ഥാനത്ത് പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഈവര്‍ഷം ഇതിനികം ഇരൂറോളം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ആശുപത്രികളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ മാത്രം പതിനായിരത്തിലേറെപ്പേര്‍ രോഗബാധിതരാണ്. ഇതില്‍ പകുതിയോളം ഡെങ്കിപ്പനിയാണെന്നു സംശയിക്കുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതിനകം സംസ്ഥാനത്തു 101 പേര്‍ പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പു സ്ഥിരീകരിച്ചു. ഇതിനുപുറമെ 74 പേരുടെ മരണംകൂടി പകര്‍ച്ചവ്യാധികള്‍ മൂലമാണെന്നു സംശയിക്കുന്നു.
ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് എച്ച്1എന്‍1 ബാധിച്ചാണ്– 50 പേര്‍. ഡെങ്കിപ്പനി ബാധിച്ചു 11 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ 32 പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നു കരുതുന്നു. ഇന്നലെ കോട്ടയം, കൊല്ലം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ മരണം പനിമൂലമാണെന്നു സംശയിക്കുന്നു. ജനുവരി മുതല്‍ സംസ്ഥാനത്തു 11.26 ലക്ഷം പേര്‍ക്കാണു പനി ബാധിച്ചത്. 6468 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 21443 പേര്‍ക്കു ഡെങ്കിപ്പനിബാധ സംശയിക്കുന്നു. 741 പേര്‍ക്കാണ് എച്ച്1എന്‍1 ബാധിച്ചത്.