നാടുകടത്തില്‍ ഭീഷണി ഒഴിവായി; മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാം

10:08 am 15/6/2017

മെല്‍ബണ്‍: ഒടുവില്‍ ഓസ്‌ട്രേലിയന്‍ മലയാളി കുടുംബത്തിന് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്.
രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് പെര്‍മനന്‍റ് റെസി ഡന്‍സി വീസ സര്‍ക്കാര്‍ അനുവദിച്ചു.

സംഭവം മാധ്യമങ്ങളും മലയാളി അസോസിയേഷനുകളും സര്‍ക്കാരിന്‍റെ മുന്നിലെത്തിച്ചതോടെയാണ് അനുകൂല തീരുമാനമുണ്ടായത്.അഡ്‌ലെയ്ഡില്‍ താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനുസീന ദമ്പതികളും രണ്ടു മക്കളുമായിരുന്നു നാടുകടത്തല്‍ ഭീഷണി നേരിട്ടത്. മൂന്ന് വയസുകാരിയായ മകള്‍ മേരി ജോര്‍ജ് രോഗിയാണെന്ന കാരണത്താല്‍ ജൂണ്‍ അവസാനത്തിന് മുന്‍പ് രാജ്യംവിടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിച്ച കുട്ടിയുടെ തുടര്‍ ചികിത്സകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ ഉത്തരവ്.

2011ല്‍ സ്റ്റുഡന്‍റ് വീസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ മനു വിവാഹശേഷം ഭാര്യ സീനയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയില്‍ വച്ചാണ് മേരി ജനിക്കുന്നത്. ഇവര്‍ക്ക് 11 മാസം പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്.