കൊൽക്കത്ത: കോടതിയലക്ഷ്യ കേസിൽ കോടതിക്ക് മുമ്പാകെ ഹാജരാവില്ലെന്ന് സുപ്രീംകോടതി അറസ്റ്റ്വാറൻറ് പുറപ്പെടുവിച്ച കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ് കർണൻ. സുപ്രീംകോടതിയുടെ നടപടി തന്നെ ഉപദ്രവിക്കാനുള്ള ശ്രമമാണെന്നാണ് സ്വവസതിയിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ ജസ്റ്റിസ് കർണൻ പറഞ്ഞത്.
കോടതിയലക്ഷ്യ കേസിൽ ഹാജരാവാത്തതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജഡ്ജിയെ അറസ്റ്റ് ചെയ്ത് മാർച്ച് 31ന് ഹാജരാക്കാൻ കൊൽക്കത്ത പൊലീസ് മേധാവിയോട് സുപ്രീംകോടതി നിർദേശിച്ചത്.
തനിക്കെതിരായ കോടതിവിധി ഭരണഘടന വിരുദ്ധമാണെന്നും ദളിതനായതിനാലാണ് തന്നെ ഉന്നമിടുന്നതെന്നും ജസ്റ്റിസ് കർണൻ നേരത്തെ ആരോപിച്ചിരുന്നു.
മോശം പെരുമാറ്റത്തെ തുടർന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയിരുന്നത്. നിരവധി സിറ്റിങ് ജഡ്ജിമാർക്കും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന കുറ്റവും ഇദ്ദേഹത്തിനെതിരെയുണ്ട്.

