കോണ്‍ഗ്രസ് പ്രതിസന്ധി: പ്രമുഖ നേതാക്കളെ ഹൈകമാന്‍ഡ് വിളിപ്പിച്ചു

01:00pm 02/08/2016
chandy nd chenni_0_1
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയെ തുടര്‍ന്ന്സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്‍െറ ഭാഗമായി പ്രമുഖ നേതാക്കളെ ഹൈകമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് ഡല്‍ഹിയില്‍ എത്താനാണ് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി മുകുള്‍ വാസ്നിക് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്നുവരുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കാണ് ഹൈകമാന്‍ഡിന്‍െറ ക്ഷണം.
പാര്‍ട്ടിയെ പുന$സംഘടിപ്പിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ നേതാക്കള്‍ക്കും യോജിപ്പുണ്ടെങ്കിലും കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് മാറ്റംവേണമോയെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ബൂത്തുമുതല്‍ കെ.പി.സി.സി ഭാരവാഹിതലം വരെ പുന$സംഘടന മതിയെന്ന നിലപാടാണ് സുധീരന്‍ അനുകൂലികള്‍ക്ക്. അതേസമയം, കെ.പി.സി.സി പ്രസിഡന്‍റിനെ ഉള്‍പ്പെടെ മാറ്റി പാര്‍ട്ടി അടിമുടി പുന$സംഘടിപ്പിക്കണമെന്ന ആവശ്യമാണ് ഗ്രൂപ്പുകള്‍ക്കതീതമായി മറ്റുനേതാക്കള്‍ മുന്നോട്ടുവെക്കുന്നത്.
സുധീരനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് പൊടുന്നനെ മാറ്റുന്നതിനോട് ഹൈകമാന്‍ഡ് അനുകൂലമല്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഗ്രൂപ് പരിഗണന കൂടാതെ, ചുരുക്കം നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപവത്കരിക്കാനാണ് ഹൈകമാന്‍ഡ് താല്‍പര്യപ്പെടുന്നത്.
യു.ഡി.എഫിലെ പ്രശ്നങ്ങളും വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ വിഷയമാകും. പ്രമുഖകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ് മുന്നണിവിട്ടേക്കുമെന്ന് ശക്തമായ പ്രചാരണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. മാണിയുമായി ഹൈകമാന്‍ഡ് സംസാരിക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതാക്കള്‍ മുന്നോട്ടുവെക്കും. കഴിയുന്നതും ചര്‍ച്ചയിലൂടെ മുന്നണിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതാക്കളത്തെന്നെ ചുമതലപ്പെടുത്താനാണ് സാധ്യത.