കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം.

08:04 am 8/4/2017


രാജ്കോട്ട്: ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ഗുജറാത്ത് ലയണ്‍സിനെ പത്തു വിക്കറ്റിനാണ് കോൽക്കത്ത തകർത്തത്. ഗുജറാത്ത് ഉയർത്തിയ 184 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സ് 31 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. ക്രിസ് ലിൻ(41 പന്തിൽ 93), ഗൗതം ഗംഭീർ(48 പന്തിൽ 76) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് നൈറ്റ് റൈഡേഴ്സ് വിജയം അനായാസമാക്കിയത്.

നേരത്തെ, നായകൻ സുരേഷ് റെയ്ന, ദിനേശ് കാർത്തിക്, ബ്രണ്ടൻ മക്കല്ലം, എന്നിവരുടെ ബാറ്റിംഗാണ് ഗുജറാത്ത് ലയണ്‍സിനു മികച്ച സ്കോർ സമ്മാനിച്ചത്. റെയ്ന 51 പന്തിൽനിന്ന് 68 റണ്‍സ് നേടി ടോപ് സ്കോററായി. കാർത്തിക്(47), മക്കല്ലം(35), ജേസണ്‍ റോയ്(14), ഫിഞ്ച്(15) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന. നൈറ്റ് റൈഡേഴ്സിനായി കുൽദീപ് യാദവ് രണ്ടു വിക്കറ്റും ട്രന്‍റ് ബോൾട്ട്, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റും നേടി.