തിരുവനന്തപുരം: കോൺഗ്രസുമായുള്ള ധാരണ ലംഘിച്ച് സി.പി.എം പിന്തുണയോടെ കോട്ടയം ജില്ല പഞ്ചായത്ത് ഭരണം പിടിച്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനോടുള്ള നിലപാട് തീരുമാനിക്കാൻ യു.ഡി.എഫ് യോഗം ചൊവ്വാഴ്ച തലസ്ഥാനത്ത്. മുന്നണിയോഗത്തിന് മുമ്പ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി യോഗവും നടക്കും. ഇരു യോഗങ്ങളിലും കെ.എം. മാണിക്കെതിരെ കടുത്ത വികാരം ഉയരുമെന്നാണ് സൂചന.
സ്വയം മുന്നണി വിട്ടുപോയ മാണി ഗ്രൂപ്പിനെ ഇനി ക്ഷണിക്കേണ്ടെന്നും എന്നാൽ, അവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാമെന്നുമാണ് കഴിഞ്ഞ യു.ഡി.എഫ് യോഗം തീരുമാനിച്ചത്.എന്നാൽ, മുന്നണി മര്യാദ ലംഘിച്ച് സി.പി.എം പിന്തുണയോടെ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സ്വന്തമാക്കിയതോടെ മാണി ഗ്രൂപ്പിനോടുള്ള സമീപനത്തിൽ കോൺഗ്രസ് മാറ്റംവരുത്തി. തങ്ങളെ ചതിച്ച മാണിക്കും മകനും ഇനി യു.ഡി.എഫിൽ ഇടംനൽകേണ്ടെന്ന നിലപാടിലാണ് നേതാക്കൾ.
അതേസമയം, മാണിയും മകനും ഒഴികെ മറ്റാരുമായും സഹകരിക്കാനുള്ള സന്നദ്ധതയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നിന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം മാണിയോടും മകനോടുമുള്ള നിലപാട് ആവർത്തിക്കുമെന്നാണ് സൂചന. കേരളത്തിൽ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിെൻറ ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസര്‍ എസ്. നാച്ചിയപ്പയുടെ സാന്നിധ്യത്തിലാകും യോഗം.
ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളാണ് യോഗത്തിെൻറ അജണ്ട. ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറിനുണ്ടായ തിരിച്ചടി, മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭരണമുന്നണിയിലെ തർക്കം തുടങ്ങിയവയും യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യും.

