കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ തീരുമാനിച്ചു; 10 മുതല്‍ 60 രൂപ വരെ

09:23 am 1//12/2016

Newsimg1_57759366

എറണാകുളം: കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ തീരുമാനിച്ചു. 10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഇന്നു ദില്ലിയില്‍ ചേര്‍ന്ന കെ.എം.ആര്‍.എല്ലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്.

20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്.

50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.

യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള മറ്റു യാത്രാ സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാള്‍ മെച്ചപ്പെട്ട നിരക്കുകളാണ് കൊച്ചി മെട്രോ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

കെ.എം.ആര്‍.എല്‍ ആവിഷ്‌കരിക്കുന്ന കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കുകളില്‍ ഇളവു നല്‍കുമെന്ന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ എലിയാസ് ജോര്‍ജ് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.