കൊടുംവേനലില്‍ കിളികള്‍ക്കു ദാഹജലമൊരുക്കി ഡോ. ബാബു പോള്‍

07:44 am 2/3/2017

– എസ്. മഞ്ജുളാദേവി

Newsimg1_84734377
തിരുവനന്തപുരം: തിളയ്ക്കുന്ന പകല്‍ച്ചൂടില്‍ എങ്ങുനിന്നോ പറന്നെത്തിയതാണ് ഈ ചിത്തിരക്കിളി. “ചീരോത്തോട്ട’ത്തിലെ മുറ്റത്തു പുല്‍ത്തകടിയില്‍ വച്ചിട്ടുള്ള പാത്രത്തിലെ റൊട്ടി കൊത്തിത്തിന്ന ശേഷം പരന്ന പാത്രത്തിലെ വെള്ളം ദാഹം തീരുവോളം കുടിച്ചു കുഞ്ഞ് ചിത്തിരക്കിളി. അപ്പോഴേക്കും ഒരു ബലിക്കാക്കയും മറ്റൊരു നാടന്‍ കാക്കയും വെള്ളംതേടി എത്തി. ചിത്തിരക്കിളി ഉടനെ കാക്കകള്‍ക്കായി ഭക്ഷണം വിട്ടുനല്‍കി. കാക്കകള്‍ വെള്ളവും റൊട്ടിയും കഴിക്കുംവരെ താഴെ മാറിയിരിക്കുകയും ചെയ്തു. തൊണ്ട നനഞ്ഞ ആശ്വാസത്തില്‍ കാക്കകള്‍ പറന്നു അകന്നപ്പോള്‍ കുഞ്ഞുമൈന വെള്ളത്തില്‍ നീരാട്ട് തുടങ്ങി.

ഇതു ചീരോത്തോട്ടം… മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുന്‍ ഓംബുഡ്‌സ്മാനും എഴുത്തുകാരനുമായ ഡോ.ഡി. ബാബുപോളിന്‍റെ തിരുവനന്തപുരം കുറവന്‍കോണത്തെ വസതി.
കഴിഞ്ഞ ആറു വര്‍ഷത്തോളമായി തന്‍റെ വീട്ടുമുറ്റത്ത് പക്ഷികള്‍ക്കും അണ്ണാറക്കണ്ണനും അന്നമൂട്ടുകയാണ് ഡോ. ബാബു പോള്‍. ചുട്ടുപൊള്ളുന്ന വേനലില്‍ വെന്തുപോകുന്ന പക്ഷികള്‍ക്കായി ദാഹനീരു കരുതണമെന്നുള്ള പുതിയകാലത്തെ ഫേസ് ബുക്ക്, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്കു മുമ്പുതന്നെ ഡോ.ബാബുപോള്‍ കാക്കയ്ക്കും പ്രാവിനും ചിത്തിരയ്ക്കും അണ്ണാറക്കണ്ണനും വേണ്ടി സ്വന്തം ഹൃദയത്തിലൊരിടം നീക്കിവച്ചിരുന്നു എന്നര്‍ഥം.

കാക്കയ്ക്കു ചോറു കൊടുത്തുകൊണ്ടായിരുന്നു അദ്ദേഹം അപൂര്‍വ പ്രകൃതി സൗഹൃദത്തിനുതുടക്കമിടുന്നത്. ചോറും, ബ്രഡ്ഡുമെല്ലാം കാക്കകള്‍ പതിവായി വന്നു കഴിച്ചു തുടങ്ങി. വെയില്‍ കടുത്തപ്പോള്‍ വെള്ളവും വച്ചു.

പിന്നീടു പ്രാവും ചിത്തരപ്പക്ഷികളും മമ്മീസ് കോളനിയിലെ ചീരോത്തോട്ടത്തില്‍ പറന്നെത്തി. ചിലനേരം തന്‍റെ മനോഹരമായ ചിറകുകള്‍ വിടര്‍ത്തി പ്രാവുകള്‍ കാക്കകളെ വിരട്ടി. ചില നേരം എല്ലാവരും ഊഴം കാത്ത് ക്ഷമയോടെ അന്നദാനത്തില്‍ പങ്കുകൊള്ളുകയും ചെയ്യും. വീടിനു മുന്നിലെ കൗതുകക്കാഴ്ചകളിലേക്കു ഡോ.ഡി. ബാബുപോള്‍.

“എന്‍റെ വീട്ടിലെ വിരുന്നുകാരാണിവര്‍. ചിലരൊക്കെ പതിവു സന്ദര്‍ശകരാണ്. തെനയും വെള്ളവും റൊട്ടിയും തേടി എന്‍റെ വീട്ടുമുറ്റത്തെത്തുന്നവര്‍… ദിവസവും വരുന്ന അഞ്ചു കാക്കകളുണ്ട്. കഴുത്തില്‍ വെള്ളനിറമുള്ള സാധാരണ കാക്കകളും മുഴുവന്‍ കറുപ്പ്‌നിറമുള്ള ബലികാക്കകളും ഇതില്‍പ്പെടും. നല്ല കറുപ്പ് നിറത്തിലെ ബലിഷ്ഠമായ ബലികാക്കയെ ഞാന്‍ “ഇദി അമീന്‍’ എന്നാണ് വിളിക്കുക.
മറ്റൊരു കൗതുകകരമായ കാഴ്ച അണ്ണാറക്കണ്ണന്‍ വരുമ്പോഴാണ്. ശ്രീരാമന്‍റെ അനുഗ്രഹം എന്നു വിശ്വസിക്കപ്പെടുന്ന മൂന്നു വരയുമണിഞ്ഞ് അണ്ണാന്‍ ചോറുണ്ണാന്‍ എത്തുന്‌പോള്‍ കാക്കകള്‍ മാറി നിന്നു കൊടുക്കും.

സീതാ ദേവിയെ ആക്രമിക്കാന്‍ കാക്കയുടെ രൂപത്തില്‍ ആണല്ലോ കാകാസുരന്‍ എത്തുന്നത്. അതുകൊണ്ടാകും ശ്രീരാമന്‍റെ സ്പര്‍ശമേറ്റ അണ്ണാറക്കണ്ണന്‍ എത്തുമ്പോള്‍ കാക്കകള്‍ മാറി നില്‍ക്കുന്നതെന്ന് എനിക്കു തോന്നാറുണ്ട്.

പരിപ്പുകറി കാക്കയ്ക്ക് ഇഷ്ടമാണെന്നു അറിഞ്ഞുകൊണ്ടു തന്നെ പരിപ്പ് ചോറിനും പുറത്ത് ഒഴിച്ചുകൊടുക്കാറുണ്ട്.

കാക്കയും ചിത്തിരയും കുഞ്ഞിക്കിളികളുമൊക്കെ വന്നു തുടങ്ങിയപ്പോള്‍ ഒരു പരീക്ഷണമെന്ന നിലയിലാണ് കിളിക്കൂട് മുറ്റത്ത് മരത്തില്‍ വയ്ക്കുന്നത്. കിളികള്‍ വന്നു കൂടിനുള്ളില്‍ താമസിക്കുമോ എന്നറിയുവാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍, തിന കൊത്തി തിന്നു കഴിഞ്ഞ ശേഷം പക്ഷികള്‍ പറന്നു പോകുന്നതാണ് കണ്ടത്. ഇപ്പോഴും തിന നിന്നുവാന്‍ പക്ഷികള്‍ പതിവായി വരാറുണ്ട്. താമസിക്കാറില്ല എന്നു മാത്രം. മൂന്നു ദിവസം കഴിയുമ്പോള്‍ തിന മുഴുവന്‍ തിരുന്നതായാണ് കാണുന്നത്.
കറുപ്പും വെളുപ്പും കലര്‍ന്ന നിറത്തിലെ രണ്ട് കുഞ്ഞിപ്പക്ഷികള്‍ പുതിയ അതിഥികളാണ്. രണ്ടാഴ്ച ആയിട്ടേയുള്ളു അവ വന്നു തുടങ്ങിയിട്ട്. വാല്‍ 45 ഡിഗ്രിയില്‍ ഉയര്‍ത്തി നില്‍ക്കുന്ന കുഞ്ഞാറ്റ കിളികളെ കാണുവാന്‍ വളരെ ഭംഗിയാണ്. ഇവകൂടാതെ കുറച്ചു നാളായി രാത്രി 11.30 ആകുമ്പോഴേക്കും മൂന്നു പൂച്ചകള്‍ വരാറുണ്ട്. ഒരു വെള്ള പൂച്ച പിന്നെ വെള്ളയും സ്വര്‍ണവും കലര്‍ന്ന പൂച്ച, ചാര നിറത്തിലെ മറ്റൊരു പൂച്ച. പൂച്ചകള്‍ക്കും ചോറു നല്‍കുന്ന പതിവുണ്ട്.

പ്രകൃതിയെ, പ്രകൃതിയിലെ ജീവജാലങ്ങളെ സ്‌നേഹിക്കുക, പരിപാലിക്കുക എന്നത് ഭാരതീയ പാരമ്പര്യമാണ്. ശകുന്തള വനജ്യോത്സനയ്ക്കു വെള്ളം പകര്‍ന്നിട്ടേ ജലപാനം നടത്തൂ എന്നും മാന്‍കിടാവിനു ഭക്ഷണം കൊടുത്താലെ ഭക്ഷണം കഴിക്കൂ എന്നൊക്കെ ശാകുന്തളം നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ.

പിന്നെ ഫ്രാന്‍സിസ് അസീസി എന്ന വിശുദ്ധന്‍ പക്ഷികളെയും ചെടികളെയും സ്വന്തം സഹോദരങ്ങളെ പോലെ സ്‌നേഹിച്ചിരുന്നു എന്നു ഞാന്‍ മനസിലാക്കുന്നു. ഈ ജീവജാലങ്ങള്‍ക്കു ഭക്ഷണവും വെള്ളവും നല്‍കുമ്പോള്‍ ആ ഒരു വിശുദ്ധ മനസ് തിരിച്ചറിയുവാന്‍ എനിക്കു കഴിയുന്നുണ്ട്. പുണ്യമാര്‍ന്ന ആ അനുഭൂതിയുടെ ഒരംശം സ്വന്തമാക്കുവാനും സാധിക്കുന്നു.
(കടപ്പാട്: ദീപിക)