കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആക്രമണം

9:43am 8/3/2016

download (1)

കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊട്ടാരക്കര സി.ഐ സജിമോന്‍, പുത്തൂര്‍ എസ്.ഐ സുധീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിനേശ് കുമാര്‍, ഷഫീഖ്, ഹോം ഗാര്‍ഡ് വിജയന്‍ പിള്ള അടക്കം ആറ് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മൂന്ന് വാഹനങ്ങള്‍ അക്രമികള്‍ തല്ലി തകര്‍ത്തു. നൈറ്റ് പെട്രോളിങ്ങിനിടെ കൊട്ടാരക്കര കോട്ടാത്തല ഭാഗത്തുവെച്ച് മൂന്നുപേരുമായി വന്ന ബൈക്ക് പൊലീസ് തടഞ്ഞതാണ് വാക്കേറ്റത്തിലും തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും കലാശിച്ചത്.

ബൈക്കിലുണ്ടായിരുന്ന ആര്‍.എസ്.എസ് ജില്ല പ്രചാരക് ബിനീഷ്, കൊട്ടാരക്കര എസ്.ഐ ശിവപ്രസാദിനോട് തട്ടിക്കയറി. ഇയാളെ കസ്റ്റയിലെടുത്തതോടെ കൂടുതല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടാരക്കര സി.ഐയും ആര്‍.എസ്.എസ് നേതാക്കളുമായി സംസാരിക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ സ്റ്റേഷന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകളും സ്റ്റേഷന്റെ ഗ്ലാസും തകര്‍ന്നു. തുടര്‍ന്ന് കൊട്ടാരക്കര ക്ഷേത്രത്തിന് സമീപത്തെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകര്‍ അവിടേക്കെത്തിയ പൊലിസുകാര്‍ക്ക് നേരെയും ആക്രമണം തുടര്‍ന്നു. സംഭവത്തില്‍ ജില്ല പ്രചാരക് ബിനീഷും പ്രവര്‍ത്തകന്‍ സമീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷന്‍ ആക്രമിച്ചവരുടെ ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെ തുടര്‍ത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.