കൊല്ലത്ത് യുവാവിനെ മയക്കുമരുന്ന് കേസില്‍ കുരുക്കിയതിന്റെ ഉത്തരവാദിത്വം എക്സൈസിനും

11:09 am 21/12/2016
images (1)
കൊല്ലത്ത് മയക്കുമരുന്ന് കേസില്‍ യുവാവിനെ കുരുക്കിയതിന്റെ ഉത്തരവാദിത്വം പൊലീസിന് മാത്രമല്ല എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും. കള്ളക്കേസില്‍ അകപ്പെട്ട് എട്ട് മാസം ജയിലില്‍ കഴിയേണ്ടി വന്ന മുകേഷിന്‍റെന്റെ കൈയ്യില്‍ നിന്നും പിടികൂടിയത് കൊഡീന്‍ എന്ന മയക്കുമരുന്നാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്. എക്സൈസുകാര്‍ മയക്കുമരുന്നാണെന്ന് അവകാശപ്പെട്ട തൊണ്ടിമുതല്‍ അരിപ്പൊടിയായി മാറിയതും ദുരൂഹമാണ്.
തമിഴ്നാട് സ്വദേശിയായ മുകേഷിനെ കൊല്ലം റെയില്‍വെ സ്റ്റേഷന് സമീപം വച്ച്‌ മയക്കുമരുന്നുമായി പിടികൂടിയെന്നാണ് കോടതിയില്‍ കൊല്ലം ഈസ്റ്റ് എസ്.ഐ നല്‍കിയിട്ടുള്ള പൊലീസ് റിപ്പോര്‍ട്ട്.

മുകേഷിന്റെ കൈവശമുണ്ടായിരുന്നത് കൊഡീന്‍ എന്ന മയക്കുമരുന്നാണെന്ന് സ്ഥലത്തു വെച്ചുതന്നെ ശാസ്ത്രീയമായി പരിശോധിച്ച്‌ ബോധ്യപ്പെടുത്തിയത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ സുരേഷ് കുമാറാണെന്ന് റിപ്പോ‍ര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഈ തൊണ്ടിമുതല്‍ പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ അരിപ്പൊടിയായി മാറിയതാണ് വിവാദമായിരിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥന്റെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലണ് മുകേശിനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്യുന്നത്. ഈ കേസില്‍ ഒരു യുവാവ് എട്ടുമാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്ന സംഭവത്തിലാണ് ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നത്.
എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നോ? അതോ നടത്തിയ പരിശോധനയില്‍ എന്തെങ്കിലും പിഴവുണ്ടായോ? ശാസ്ത്രീയ പരിശോധന കഴിഞ്ഞ് മയക്കുമരുന്ന് ബ്രൗണ്‍ കവറുകൊണ്ട് പൊതിഞഞ് സീല്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ പിന്നീട് പൊലീസ് വാര്‍ത്താസമ്മേളനം നടത്തുമ്ബോഴുള്ള ദൃശ്യങ്ങളില്‍ പൊതി സീല്‍ ചെയ്തിട്ടില്ല. പൊലീസ് പ്രതിയെ അറസ്റ്റു ചെയ്ത ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പിന്നീട് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പിടികൂടിയത് മയക്കുമരുന്നാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലം പൊലീസും എക്സൈസും. ഇതുസംബന്ധിച്ച്‌ അന്വേഷണിച്ച ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലും ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുന്നു. ഡി.ജി.പി നിയോഗിച്ച ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലൂടെ മാത്രമേ ഇനി ദുരൂഹതകള്‍ മറനീക്കി പുറത്തുവരുകയുള്ളൂ.