കോടതികളിലെ മാധ്യമ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു

03:34 pm 2/10/2016
download (1)
കോടതികളിലെ മാധ്യമ വിലക്ക് പരിഹരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നാളെ ഹൈക്കോടതി ചീഫ് ജസറ്റിസിനെ കാണും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച. കോടതികളിലെ മാധ്യമ വിലക്കിന് ഇനിയും പരിഹാരമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടരമാസമായി സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ വിലക്കു തുടരുകയാണ്. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച കമ്മിറ്റി നോക്കുകുത്തിയായി. സുപ്രീംകോടതി പറഞ്ഞിട്ടും കോടതിയിലെ മീഡിയാ റൂം തുറന്നില്ല. പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടേയും അഭിഭാഷക സംഘടനാ പ്രതിനിധികളുടേയും യോഗത്തിലുണ്ടാക്കിയ ധാരണ പ്രകാരം കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം വീണ്ടും തടഞ്ഞതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാറിന്റെയും നിലപാട് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രി എ.ജിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രശ്ന പരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്നും കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷം ഉണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോടതികളിലെ മാധ്യമ വിലക്ക് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നിയമ മന്ത്രി എ. കെ ബാലനും കോടതി ആരുടേയും കുടുംബ സ്വത്തല്ലെന്ന് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. മാധ്യമങ്ങളെ കോടതികളില്‍ നിന്ന് വിലക്കുന്നത് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.