കോണ്‍ഗ്രസില്‍ പട; സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു

05:46pm 26/6/2016
download (2)
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ വീണ്ടും എ, ഐ ഗ്രൂപ്പുകളുടെ പടയൊരുക്കം. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായി സുധീരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനു പരാതി നല്‍കി. വിവാദ മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ കല്യാണ നിശ്ചയത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തത് തെറ്റായെന്ന സുധീരന്റെ പ്രസ്താവനയാണ് പരാതിക്കിടയാക്കിയത്. പരസ്യപ്രസ്താവന നടത്തരുതെന്ന കെപിസിസി മാര്‍ഗനിര്‍ദേശം സുധീരന്‍ ലംഘിച്ചെന്നാണ് പരാതി. സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. സുധീരന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങളും തെളിവായി നല്‍കും.

അടൂര്‍ പ്രകാശിന്റെ മകനെയാണ് ബിജു രമേശിന്റെ മകള്‍ വിവാഹം ചെയ്യുന്നത്. അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തത് എങ്ങനെ തെറ്റാകുമെന്നാണ് എ, ഐ നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം. കെപിസിസി ആസ്ഥാനത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍നിന്നാണ് ഇരുനേതാക്കളും ഈ ചടങ്ങിന് പോയത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഇങ്ങനെയായിരിക്കെ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും മോശമായി ചിത്രീകരിച്ച് സുധീരന്‍ പ്രസ്താവന നടത്തിയത് തെറ്റാണെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വാദം. തെരഞ്ഞെടുപ്പിന് മുന്‍പ് കെ.ബാബുവിന് സീറ്റ് ഇല്ലാതാക്കാന്‍ ആരോപണങ്ങളുമായി ബിജു രമേശ് രംഗത്തു വന്നപ്പോള്‍ പാര്‍ട്ടിക്കകത്ത് അതേ ആരോപണങ്ങള്‍ ഉയര്‍ത്തി കാണിച്ച് ബാബുവിനെതിരെ നീങ്ങിയ ആളാണ് സുധീരനെന്നും ഇപ്പോള്‍ എങ്ങനെയാണ് ബിജു രമേശ് സുധീരന് എതിരായി മാറിയതെന്ന കാര്യം പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

യുഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുകയും പ്രതിസന്ധിയിലാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തു തെറ്റായ സന്ദേശം നല്‍കുമെന്നാണ് സുധീരന്‍ പറഞ്ഞത്. ചടങ്ങില്‍ പങ്കെടുത്തതു തെറ്റായ സന്ദേശമാണു നല്‍കുക. ഇതില്‍നിന്നും നേതാക്കള്‍ ഒഴിവാകേണ്ടിയിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ചടങ്ങാണെങ്കിലും പൊതുജനങ്ങള്‍ക്കു തെറ്റായ സന്ദേശം നല്‍കുമെങ്കില്‍ നേതാക്കള്‍ ഒഴിവാകേണ്ടതായിരുന്നു. ഇത്തരം കാര്യങ്ങളില്‍ എല്ലാ ഭാഗത്തു നിന്നുള്ളവരും ഔചിത്യപൂര്‍വം ചിന്തിച്ചു, ചില കാര്യങ്ങളില്‍ ചില രീതികള്‍ പാലിക്കേണ്ടതുണെ്ടന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടിയായി വി.എം. സുധീരന്‍ പറഞ്ഞു.