06:44 pm 18/3/2017

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയന്പത്തൂരിൽ ഫേസ്ബുക്കിൽ യുക്തിവാദപരമായ കുറിപ്പുകൾ എഴുതിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കോയന്പത്തൂർ സ്വദേശി എച്ച്. ഫാറൂഖാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപെട്ട് അന്‍സത്ത് എന്നൊരാള്‍ ജുഡിഷൽ മജിസ്ട്രേറ്റിനു മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്.
ഫാറൂഖ് മതങ്ങള്‍ക്കെതിരായി പരസ്യമായി രംഗത്ത് വരുകയും ഫേസ്ബുക്കില്‍ യുക്തിവാദപരമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഫാറൂഖിന്റെ നീരീശ്വരവാദപരമായ അഭിപ്രായങ്ങള്‍ മത മൗലിക വാദികളെ ക്ഷുഭിതരാക്കിയിരുന്നു. ദ്രാവിഡ വിടുത്തലൈ കഴകം പ്രവര്‍ത്തകനാണ് ഫാറൂഖെന്ന് പോലീസ് പറഞ്ഞു.
രാത്രി ഫോണ്‍ വന്നതിനു ശേഷമാണ് ഫാറൂഖ് വീട്ടില്‍നിന്ന് പുറത്ത് പോയത്. ഉക്കടം ബൈപാസ് റോഡിന് സമീപം ഓട്ടോയിലും ബൈക്കിലും വന്ന അക്രമികള്‍ ഫറൂഖിനെ തടയുകയും രക്ഷപെടാന്‍ ശ്രമിച്ചപ്പോൾ അരിവാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തികയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
